ernakulam local

സ്വാമി സുധീന്ദ്രതീര്‍ഥ സംഘര്‍ഷ രഹിത സമൂഹത്തിനായി യത്‌നിച്ച തപസ്വി: മന്ത്രി

കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയഗുരുവും കാശി മഠാധിപതിയുമായ അന്തരിച്ച സ്വാമി സുധീന്ദ്രതീര്‍ഥയുടെ സേവനങ്ങള്‍ ഒരു തലമുറയും മറക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊച്ചിയിലെ തിരുമല ദേവസ്വം ആസ്ഥാനത്ത് സ്വാമി സുധീന്ദ്രതീര്‍ഥയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ ചിന്തയും മനുഷ്യത്വത്തിന്റെ ഔചിത്യവും മനുഷ്യ സംസ്‌കാരവും ക്രോഡീകരിച്ച രൂപമാണ് സ്വാമി. സംഘര്‍ഷ രഹിതമായി എല്ലാവരും ജീവിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. സ്വാമിജിയുടെ പൈതൃകം മനുഷ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സ്വാമി സുധീന്ദ്രതീര്‍ഥയുടെ തീക്ഷ്ണമായ താപസനിഷ്ഠ മാതൃകയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
താപസനിഷ്ടയോടെ ജീവിതത്തില്‍ ആത്മനിയന്ത്രണം പാലിക്കന്ന കാര്യത്തില്‍ സ്വാമി ചെയ്ത പരിശ്രമങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു മുതല്‍ക്കൂട്ടാണ്. സമൂഹത്തിലെ നിരാലംബരായ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി സ്വാമി ആരംഭിച്ച സ്ഥാപനങ്ങളും സംരംഭങ്ങളും സമൂഹത്തിനു പ്രചോദനമാണ്.
യോഗീവര്യനായ സ്വാമി സുധീന്ദ്രതീര്‍ഥയുടെ ആത്മീയ ചൈതന്യത്തിനും ജീവിതശൈലിക്കും മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തിരുമല ദേവസ്വം പ്രസിഡന്റ് പി രംഗദാസപ്രഭു, സി ജി രാജഗോപാല്‍, ദേവാനന്ദപ്രഭു, സതീഷ് നായിക്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it