സ്വാമി ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണത്തിനു സാധ്യത തേടി സര്‍ക്കാര്‍

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിനോട് അടിയന്തര റിപോര്‍ട്ട് തേടി. എത്രയും വേഗത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസില്‍ തുടരന്വേഷണം വേണമോയെന്ന് റിപോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും. ബാര്‍ ഉടമയും ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറിയുമായ ബിജു രമേശിന്റെയും മറ്റു പലരുടെയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോട് റിപോര്‍ട്ട് തേടിയത്. ഈ നീക്കത്തോടെ ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണത്തിനുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍. ക്രൈംബ്രാഞ്ചിന്റെ നേരത്തേയുള്ള അന്വേഷണ റിപോര്‍ട്ടില്‍ എന്തെങ്കിലും കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടോ, പുതിയ വെളിപ്പെടുത്തലില്‍ എന്തെങ്കിലും കഴമ്പുണ്ടോ, നിലവില്‍ കോടതിയില്‍ നല്‍കിയിട്ടുള്ള റിപോര്‍ട്ടില്‍ ഇത്തരം സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാവും റിപോര്‍ട്ട് തയ്യാറാക്കുക.

പുതിയ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ തുടരന്വേഷണത്തിനു സാധ്യത തെളിയും. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ക്രൈംബ്രാഞ്ചിനോട് അടിയന്തര റിപോര്‍ട്ട് തേടിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി. അതേസമയം, കേസില്‍ തുടരന്വേഷണം വേണമെന്നാണ് കെ.പി.സി.സി. നിലപാട്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ചര്‍ച്ചകളാണ് ഉയരുന്നത്.

ഇതിന്റെ എല്ലാ വശങ്ങളും ക്യത്യമായി പരിശോധിക്കണം. അദ്ദേഹത്തിന്റെ കുടുംബവും പൊതുസമൂഹവും ഉയര്‍ത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കണം. കുടുംബാംഗങ്ങള്‍ക്കു കൂടി സ്വീകാര്യമായ രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. സത്യം പൂര്‍ണമായും പുറത്തുവന്നേ മതിയാവൂ എന്നും അദ്ദേഹം അറിയിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അടിയന്തരമായി സി.ബി.ഐ. അന്വേഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ ആവശ്യം ന്യായമാണ്. താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും വി എസ് പറഞ്ഞു.

മരണത്തില്‍ വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുേണ്ടായെന്ന ചോദ്യത്തിന്, അന്വേഷണം നടക്കുന്നതിനു മുമ്പ് അതിനെപ്പറ്റി പറയുന്നത് ഉചിതമാവില്ലെന്നായിരുന്നു വി എസിന്റെ പ്രതികരണം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി ശുഭാഗാനന്ദയും ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതം. എത്രയും വേഗം ശ്രീനാരായണ ഭക്തരുടെ ആശങ്ക അകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെത്തന്നെ അന്വേഷിച്ചതാണെങ്കിലും പുതിയ സാഹചര്യത്തില്‍ വീണ്ടും പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഉന്നതര്‍ പറഞ്ഞു. മൊഴിയെടുക്കാന്‍ ഈയാഴ്ച തന്നെ ബിജുവിനെ വിളിച്ചുവരുത്തിയേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it