സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകം

തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമെന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നു ബിജു രമേശ് ആരോപിച്ചു.
പ്രവീണ്‍ വധക്കേസില്‍ കൂട്ടുപ്രതിയായ പ്രിയനാണ് സ്വാമിയെ കൊലപ്പെടുത്തിയത്. കൊലപാതകം വെള്ളാപ്പള്ളിക്കുവേണ്ടിയാണെന്നു പ്രിയന്‍ തന്നോടു ഫോണില്‍ പറഞ്ഞിട്ടുണ്ട്. പ്രിയന്‍ ജയിലില്‍വച്ച് ഇക്കാര്യത്തില്‍ കുറ്റസമ്മതവും നടത്തിയിരുന്നു.
വെള്ളാപ്പള്ളി നടേശന്‍ ദുബയില്‍വച്ചാണ് സ്വാമിയുമായി തെറ്റിയത്. തുടര്‍ന്ന് ദുബയില്‍വച്ചു തുഷാര്‍ ശാശ്വതികാനന്ദയെ കൈയേറ്റം ചെയ്തു. അന്നു രാത്രി തന്നെ സ്വാമി ഡല്‍ഹിയിലേക്കു മടങ്ങി. തൊട്ടടുത്ത ദിവസമാണ് സ്വാമി അദൈ്വതാശ്രമത്തിലേക്കു പോയതെന്നും ബിജു പറഞ്ഞു. കൊലപാതകത്തിനു ശേഷം സ്വാമിയുടെ സംസ്‌കാരം നടക്കുന്നതിനുമുമ്പ് വെള്ളാപ്പള്ളി നടേശന്‍ സ്വാമി താമസിക്കുന്ന മുട്ടടയിലെ വീട്ടില്‍ വരുകയും മുറിയിലെ അലമാര തുറന്ന് അവിടെയുള്ള രേഖകള്‍ മുഴുവന്‍ കൊണ്ടുപോവുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. എം എന്‍ സോമന്‍ ഇടപെട്ട് റിപോര്‍ട്ട് മുങ്ങിമരണമാക്കി അട്ടിമറിക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായിട്ടാണ് സോമനെ എസ്.എന്‍.ഡി.പി. പ്രസിഡന്റാക്കിയത്. 2007 മുതല്‍ സോമന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രസിഡന്റാണ്. വെള്ളാപ്പള്ളിക്കെതിരേ സംസാരിക്കാന്‍ സ്വാമിമാര്‍ക്ക് ഭയമാണെന്നും ബിജു രമേശ് പറഞ്ഞു. 2002 ജൂലൈയിലാണ് സ്വാമി ശാശ്വതികാനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
Next Story

RELATED STORIES

Share it