സ്വാമിനാഥന് 90 വയസ്സായി; എന്നിട്ടെന്തായി?

സ്വാമിനാഥന് 90 വയസ്സായി; എന്നിട്ടെന്തായി?
X
Tue, 18 Aug 2015 09:09:41 +0000

ടി ജി ജേക്കബ്


































































































































Swaminathanഡോ. എം എസ് സ്വാമിനാഥന് തൊണ്ണൂറു വയസ്സായത് കൊണ്ടാടി. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ പോയി കണ്ട് ആശംസകള്‍ ചൊരിയുന്നു. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളെ വാഴ്ത്തുന്നു. അദ്ദേഹത്തിനു കൊടുത്തിരിക്കുന്ന അമാനുഷിക പദവി 'ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നതാണ്. ഈ പദവിയില്‍ സ്വയം സന്തുഷ്ടനുമാണ് അദ്ദേഹം. തൊണ്ണൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സ്വാമിനാഥന്‍ മൂന്നു കാര്യങ്ങളാണ് പറഞ്ഞത്: ഹരിതവിപ്ലവത്തിന്റെ പ്രധാന നേട്ടം, ഹരിതവിപ്ലവത്തിനു സംഭവിച്ച പോരായ്മകളുടെ പ്രധാന കാരണം, പരിഹാര മാര്‍ഗം.
ഇവയിലേക്കു കടക്കുന്നതിനു മുമ്പ് ഹരിതവിപ്ലവത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ചില അടിസ്ഥാന വസ്തുതകള്‍ സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ല. അതായത്, യഥാര്‍ഥത്തില്‍ അതിന്റെ പിതൃത്വം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന കാര്യം. സ്വാമിനാഥന്‍ ഹരിതവിപ്ലവ പിതാവായി വാഴ്ത്തപ്പെടുന്ന സാഹചര്യത്തില്‍, അദ്ദേഹം അതില്‍ വളരെയധികം അഭിമാനിക്കുന്ന സ്ഥിതിക്ക്, ആ കാര്യം സൂചിപ്പിച്ചില്ലെങ്കില്‍ എന്തു വിലയിരുത്തലും വളരെ അപൂര്‍ണവും അബദ്ധജടിലവും ആകാനേ തരമുള്ളൂ.
ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു തുടക്കമിടുന്നത് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. ഭക്ഷ്യദൗര്‍ലഭ്യത്തെച്ചൊല്ലി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ നെഹ്‌റു സര്‍ക്കാര്‍ അമേരിക്കയെ അഭയം പ്രാപിക്കലും അവര്‍ കരുണ കാണിച്ച് പബ്ലിക് ലോ 480 (പി.എല്‍. 480) വകുപ്പില്‍ കാലിത്തീറ്റയ്ക്കു വേണ്ടിയുള്ള അരിയും ഗോതമ്പും ചോളവും മറ്റും ഇവിടേക്കു കയറ്റിയയക്കുകയും ചെയ്തു. അതേസമയംതന്നെ ഫോര്‍ഡ് ഫൗണേ്ടഷന്‍ ഇന്ത്യയിലെ ഭക്ഷ്യക്ഷാമം പഠിക്കാനും പരിഹരിക്കാനും വേണ്ടി ഡല്‍ഹിയില്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കാനും തുടങ്ങിയിരുന്നു. അവരുടെ വിദഗ്ധര്‍ നെഹ്‌റുവിന്റെ ഏറ്റവും അടുത്ത കാര്‍ഷിക-സാമ്പത്തിക ഉപദേഷ്ടാക്കളായി മാറി.ഇതൊക്കെ നടക്കുന്നത് ഭക്ഷ്യദൗര്‍ലഭ്യം ഭരണകൂടത്തിന്റെ അടിത്തറ ഇളക്കാന്‍ പറ്റുന്ന ഒരു ജനകീയ പ്രസ്ഥാനമായി കൈവിട്ടുപോകാന്‍ സാധ്യതകള്‍ തെളിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണെന്ന് അര്‍ക്കുക. അമേരിക്കയുടെ ലക്ഷ്യം ചൈനീസ് മാതൃകയിലുള്ള കാര്‍ഷിക വിപ്ലവത്തെ ഇന്ത്യയില്‍ തടയുക എന്നതായിരുന്നു. കുറേ കഷ്ടപ്പെട്ടിട്ടായിരുന്നല്ലോ നെഹ്‌റു സര്‍ക്കാരിന് തെലങ്കാന കാര്‍ഷിക കലാപത്തെ അമര്‍ത്താന്‍ കഴിഞ്ഞത്. ഈ രാഷ്ട്രീയലക്ഷ്യത്തിനു പിന്നില്‍ ശക്തമായ സാമ്രാജ്യത്വ-മുതലാളിത്ത കാരണങ്ങള്‍ ഉണ്ടായിരുന്നുതാനും. അതിലേറ്റവും പ്രധാനപ്പെട്ടത് രണ്ടാം ലോകയുദ്ധം കഴിഞ്ഞുള്ള കാലത്ത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ രാസവ്യവസായങ്ങള്‍ നേടിയ അഭൂതപൂര്‍വമായ കുതിച്ചുകയറ്റമായിരുന്നു. ഈ രാസവ്യവസായങ്ങള്‍ക്ക് ആഗോളവിപണി സൃഷ്ടിക്കേണ്ടത് അമേരിക്കന്‍ മൂലധനത്തിന്റെ അടിയന്തര ആവശ്യമായി 1950കളില്‍ തന്നെ മാറിക്കഴിഞ്ഞിരുന്നു.
ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ (ഈ രാജ്യം കിഴക്കനേഷ്യയിലെ ഏറ്റവും തന്ത്രപ്രാധാന്യമേറിയ അമേരിക്കന്‍ പട്ടാളത്താവളമാണ്) അവര്‍ അന്തര്‍ദേശീയ ക്രോപ്‌സ് റിസര്‍ച്ച് സ്ഥാപനം തുടങ്ങിയത് ആഗോളതലത്തില്‍, പ്രത്യേകിച്ചും ഭക്ഷ്യകമ്മി നിലവിലുള്ള മൂന്നാംലോക രാജ്യങ്ങളില്‍, അമേരിക്കന്‍ രാസവ്യവസായങ്ങള്‍ക്ക് വിപണി ഒരുക്കുന്ന പ്രക്രിയ രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണ്. ഡോ. സ്വാമിനാഥന് ഇവിടെയാണ് പരിശീലനം കൊടുത്തത്. മനിലയില്‍ വളര്‍ത്തിയെടുത്ത ഉല്‍പ്പാദനപ്രക്രിയ ഇന്ത്യയില്‍ നടപ്പാക്കുക എന്ന പദ്ധതിയുടെ ചട്ടുകമായാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് ഇറക്കുമതി ചെയ്യുന്നത്. ആ പരിപാടിയുടെ ഓമനപ്പേരാണ് ഹരിതവിപ്ലവം. ഇതിന്റെ ജനയിതാവ് സ്വാമിനാഥനല്ല, ഫോര്‍ഡ് ഫൗണേ്ടഷനും അമേരിക്കന്‍ രാസവ്യവസായ കുത്തകകളുമാണ്. യൂനിയന്‍ കാര്‍ബൈഡും ഇന്ത്യയില്‍ വരുന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്. സ്വാമിനാഥന്‍ കഴിവുള്ള ദല്ലാള്‍ മാത്രമാണ്. ആ പണി അദ്ദേഹം തികഞ്ഞ ആത്മാര്‍ഥതയോടെ ചെയ്യുകയും ചെയ്തു.1950-60കളില്‍ ഇന്ത്യയില്‍ കാര്‍ഷിക നയത്തെച്ചൊല്ലി തീക്ഷ്ണമായ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണ്. നാല്‍പ്പതുകളില്‍ ദശലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണിക്കിട്ടു കൊന്ന ബംഗാള്‍ ക്ഷാമം ജനങ്ങളുടെ മനസ്സില്‍ മായാതെ കിടക്കുന്ന സമയമാണത്. സ്വയംപര്യാപ്തതയിലൂന്നുന്ന ഗ്രാമസ്വരാജും സാമ്രാജ്യത്വ മൂലധനത്തിലും സാങ്കേതികവിദ്യകളിലും കേന്ദ്രീകരിക്കുന്ന ഇറക്കുമതിച്ചരക്കായ സാമ്പത്തിക നയവും തമ്മിലായിരുന്നു ഈ ഏറ്റുമുട്ടല്‍. അമേരിക്കന്‍ വികസന മോഡലിനെ ആശ്രയിക്കുന്നത് കൊളോണിയലിസത്തിന്റെ തുടര്‍ച്ചയും ആത്മഹത്യാപരവുമാണെന്ന് ജെ സി കുമരപ്പയും മറ്റു ഗാന്ധിയന്‍മാരും വാദിച്ചപ്പോള്‍, അവര്‍ക്കു ഭ്രാന്താണെന്ന് നെഹ്‌റു എഴുതിത്തള്ളി.
പതിനായിരക്കണക്കിന് സ്വന്തം വിത്തിനങ്ങളുള്ള ഇന്ത്യയില്‍, കാര്‍ഷിക സംസ്‌കാരത്തിന് അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ ചരിത്രമുള്ള ഇന്ത്യയില്‍, വിത്തിനങ്ങളും അവയ്ക്കു വേണ്ട സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്യുകയല്ല വേണ്ടതെന്നും ഇവിടത്തെ വിഭവലഭ്യതയ്ക്ക് ചേരുന്ന വിധത്തില്‍ ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും ഡോ. റിച്ചാറിയ തുടങ്ങിയ ഉന്നത ഗവേഷകര്‍ വാദിച്ചപ്പോള്‍ അവരെ പുറംകാല്‍ കൊണ്ട് ചവിട്ടിപ്പുറത്താക്കിയാണ് നെഹ്‌റു സ്വാമിനാഥനെപ്പോലുള്ള ചട്ടുകങ്ങളെ പ്രതിഷ്ഠിച്ചത്. അത് അമേരിക്ക ചരടുവലിച്ച അട്ടിമറിയായിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ചും മറ്റു കാര്‍ഷിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും അമേരിക്കന്‍ മോഡലിന്റെ പിണിയാളുകളാകുന്നത് യാദൃച്ഛികമല്ല. അത് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയപരിപാടിയുടെ ആവിഷ്‌കാരം തന്നെയാണ്. ആ പരിപാടിയുടെ ഒരു വിശ്വസ്തനായ ചട്ടുകമായാണ് ഡോ. സ്വാമിനാഥന്‍ അരങ്ങത്തു വരുന്നത്.
കേവലം രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഹരിതവിപ്ലവം തിരിഞ്ഞുകടിക്കാന്‍ തുടങ്ങി. മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഹരിതവിപ്ലവ ഷോപീസായ പഞ്ചാബില്‍ നിന്നു കാന്‍സര്‍ ഹോസ്പിറ്റലുള്ള രാജസ്ഥാനിലെ നഗരത്തിലേക്കുള്ള തീവണ്ടിക്ക് കാന്‍സര്‍ എക്‌സ്പ്രസ് എന്ന പേരു വീണു. കാര്‍ഷിക വിപണികള്‍ കൃഷിക്കാരുടെ അധ്വാനശേഷിയില്‍ നിന്നു കോര്‍പറേറ്റുകള്‍ക്ക് മിച്ചമൂല്യം ഊറ്റാനുള്ള വ്യവസ്ഥാപിത മാര്‍ഗമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. 1990കളോടെ കടക്കെണിയില്‍ കുടുങ്ങിയ കൃഷിക്കാര്‍ സ്വയം മരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ആത്മഹത്യാ കണക്കുകള്‍ക്ക് വാര്‍ത്താപ്രാധാന്യം കിട്ടിയിരുന്നുവെങ്കിലും ലക്ഷങ്ങളുടെ പട്ടികയിലായപ്പോള്‍ ഇപ്പോള്‍ അതുമില്ല.
ഹരിതവിപ്ലവ മേഖലകളിലാണീ ആത്മഹത്യകള്‍ മുഖ്യമായും നടക്കുന്നതെങ്കിലും മൗലികമായ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടാന്‍ രാഷ്ട്രീയനേതൃത്വങ്ങളോ കാര്‍ഷിക വിദഗ്ധരോ തയ്യാറല്ല. ഒരു കേന്ദ്രമന്ത്രി ഈ അടുത്ത കാലത്ത് പറഞ്ഞത്, കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നത് പ്രേമനൈരാശ്യം മൂത്തിട്ടാണെന്നാണ്. ഹരിതവിപ്ലവ പിതാവ് പറയുന്നത് അതിലും വിചിത്രമാണ്: കൃഷിക്കാര്‍ പണത്തോടുള്ള ആര്‍ത്തി മൂലം അമിതമായ തോതില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു.അതു കാരണം സാമ്പത്തിക-പരിസ്ഥിതിനാശങ്ങള്‍ ഉണ്ടാകുന്നു എന്നാണ് അദ്ദേഹത്തിന്റെ സൂക്തം. അതായത്, ഹരിതവിപ്ലവ കാര്‍ഷിക ഉല്‍പ്പാദനപ്രക്രിയക്കോ അതു സൃഷ്ടിച്ച വിപണികള്‍ക്കോ യാതൊരു തകരാറുമില്ല. കൃഷിക്കാരുടെ ആര്‍ത്തിയാണ് പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നും ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.
ഹരിതവിപ്ലവം ഒരു സിംഗിള്‍സ്റ്റോപ്പ് പ്രതിഭാസമായി കാണരുതെന്നും അതൊരു തുടര്‍പ്രതിഭാസമായി കാണണമെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. അതായത്, ഹരിതവിപ്ലവം-1 മാത്രമേ നടന്നിട്ടുള്ളൂവെന്നും അത് പുതിയ ഘട്ടത്തിലേക്ക് കടക്കണമെന്നും എന്നാല്‍ മാത്രമേ പരിഹാരമാവുകയുള്ളൂവെന്നും. ഇതുതന്നെയാണ് കര്‍ഗിലും മൊണ്‍സാന്റോയും മുമ്പേതന്നെ ആണയിട്ടു പറയുന്നത്. അതുതന്നെയാണ് അവര്‍ ഇപ്പോള്‍ ഇവിടെ നടപ്പാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതും. ലോകവ്യാപകമായി മുന്നാക്കരാജ്യങ്ങള്‍ നിരോധിച്ച ജി.എം. ടെക്‌നോളജിയും അന്തകവിത്തുകളുമാണ് ഈ പുതിയ ഘട്ടം.
പരുത്തികൃഷിയില്‍ വിദര്‍ഭയിലും ആന്ധ്രയിലും നടപ്പാക്കിയ ഈ കാര്‍ഷിക ഉല്‍പ്പാദനപ്രക്രിയ പതിനായിരക്കണക്കിനു കൃഷിക്കാരെ ഇതിനോടകംതന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകഴിഞ്ഞു. ഇതേ ഉല്‍പ്പാദനപ്രക്രിയ കൃഷിമേഖലയിലാകമാനം നടപ്പാക്കി ഹരിതവിപ്ലവം-2 കൊണ്ടുവരണം എന്നാണ് പ്രശ്‌നപരിഹാരമായി സ്വാമിനാഥന്‍ കാണുന്നത്! ഹരിതവിപ്ലവം-1 പട്ടിണിമരണങ്ങള്‍ ഒഴിവാക്കി. ഹരിതവിപ്ലവം-2 സ്വപ്നതുല്യമായ സമൃദ്ധി കൈവരിക്കും!
മൊണ്‍സാന്റോയുടെ 'തത്തമ്മേ പൂച്ചപൂച്ച'യാണീ സ്വാമി. ഏതുവിധേനയെങ്കിലും പരമാവധി ബഹുരാഷ്ട്ര കുത്തക മൂലധനം കൊണ്ടുവരാന്‍ അരയും തലയും മുറുക്കിയിരിക്കുന്ന, ലോകം മുഴുവന്‍ അതിനു വേണ്ടി നെട്ടോട്ടമോടുന്ന, രാഷ്ട്രീയനേതൃത്വത്തിന്റെ കിളവന്‍ തത്തയാണിയാള്‍. കൊലപാതക കാര്‍ഷിക സാമ്പത്തിക നയങ്ങളുടെ നടത്തിപ്പു കങ്കാണി.
മൊണ്‍സാന്റോയുടെ 'തത്തമ്മേ പൂച്ചപൂച്ച'യാണീ സ്വാമി. ഏതുവിധേനയെങ്കിലും പരമാവധി ബഹുരാഷ്ട്ര കുത്തക മൂലധനം കൊണ്ടുവരാന്‍ അരയും തലയും മുറുക്കിയിരിക്കുന്ന, ലോകം മുഴുവന്‍ അതിനു വേണ്ടി നെട്ടോട്ടമോടുന്ന, രാഷ്ട്രീയനേതൃത്വത്തിന്റെ കിളവന്‍ തത്തയാണിയാള്‍. കൊലപാതക കാര്‍ഷിക സാമ്പത്തിക നയങ്ങളുടെ നടത്തിപ്പു കങ്കാണി.
wheat-farm-b949f6a7619f6907
അമേരിക്കയുടെ ലക്ഷ്യം ചൈനീസ് മാതൃകയിലുള്ള കാര്‍ഷിക വിപ്ലവത്തെ ഇന്ത്യയില്‍ തടയുക എന്നതായിരുന്നു. കുറേ കഷ്ടപ്പെട്ടിട്ടായിരുന്നല്ലോ നെഹ്‌റു സര്‍ക്കാരിന് തെലങ്കാന കാര്‍ഷിക കലാപത്തെ അമര്‍ത്താന്‍ കഴിഞ്ഞത്.
Wheat-in-hand-537x379
Monsanto-protection-act-fai
Next Story

RELATED STORIES

Share it