സ്വാതിക്ക് അറിയാം, ടിഎന്‍ജി എന്ന മനുഷ്യനെ

മഞ്ചേശ്വരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സ്വാതി എന്ന പെണ്‍കുട്ടിക്ക് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കണ്ണാടിയിലൂടെ വീടുണ്ടാക്കി നല്‍കിയ ടി എന്‍ ഗോപകുമാറിന്റെ വിയോഗ വാര്‍ത്ത അതിര്‍ത്തിമേഖലയെ ദുഃഖത്തിലാഴ്ത്തി. 15 വര്‍ഷം മുമ്പാണ് ആരും തിരിഞ്ഞുനോക്കാനില്ലാതിരുന്ന കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസങ്കടി മൊറത്തണ ബട്ട്യപദവിലെ സ്വാതി യുടെ ദുരിതകഥ കണ്ണാടിയിലൂടെ ടി എന്‍ ഗോപകുമാര്‍ അവതരിപ്പിച്ചത്. വാര്‍ത്ത ശ്രവിച്ചവര്‍ നല്‍കിയ സഹായ ധനംകൊണ്ട് ഇവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുകയായിരുന്നു.
ശരീരം തളരുകയും തല വളരുകയും ചെയ്യുന്ന രോഗത്തിനടിമയാണ് സ്വാതി. വിവരമറിഞ്ഞ് 15 വര്‍ഷം മുമ്പാണ് ടി എന്‍ ഗോപകുമാര്‍ ഇവരുടെ വീട്ടിലെത്തിയത്. എന്തു സഹായം വേണമെന്ന ഇദ്ദേഹത്തിന്റെ ചോദ്യത്തിന് കിടപ്പാടം വേണമെന്നായിരുന്നു മറുപടി. പിന്നീട് കണ്ണാടിയില്‍ ഇത് പ്രക്ഷേപണം ചെയ്തതോടെ കാരുണ്യത്തിന്റെ ഉറവവറ്റാത്ത നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയിരുന്നത്. അഞ്ചു ലക്ഷം രൂപയും വീടുമാണ് ഇവര്‍ക്കു നല്‍കിയത്. മൊറത്തണ ബട്ട്യപദവിലെ ദേവകി-രാമ ദമ്പതികളുടെ മകളാണ് ഈ ദുരിതബാധിത.
എന്‍ഡോസള്‍ഫാന്‍ ഇരയാണെങ്കിലും സ്വാതി ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ടി എന്‍ ഗോപകുമാര്‍ നല്‍കിയ സഹായമല്ലാതെ മറ്റൊന്നും ഈ കുടുംബത്തിന് ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it