സ്വാതന്ത്ര്യസമരത്തില്‍നിന്ന് ഹിന്ദുത്വസംഘടനകള്‍ വിട്ടുനിന്നു: മൃദുല മുഖര്‍ജി

അലിഗഡ്: എല്ലാ മൂന്നാംലോക രാജ്യങ്ങളിലേതും എന്നതുപോലെ ഇന്ത്യയുടെയും ദേശീയത എന്ന ആശയം സാമ്രാജ്യത്വത്തിനും കോളനിവല്‍ക്കരണത്തിനുമെതിരേ നടന്ന പോരാട്ടങ്ങളില്‍ നിന്നാണ് ഉടലെടുത്തതെന്ന് പ്രശസ്ത ചരിത്രകാരി മൃദുല മുഖര്‍ജി. സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അവര്‍ പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ 'ഇന്ത്യയും ദേശീയതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പാതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല. കോളനിവല്‍ക്കരണത്തിനും മുതലാളിത്തത്തിനുമെതിരേയുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളാവാത്തവര്‍ ദേശീയതയുടെ വക്താക്കളാവുന്നതില്‍ വൈരുധ്യമുണ്ട്.
ദേശീയതയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ സമത്വം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയ്ക്കും ഹിന്ദുത്വ ദേശീയതയില്‍ ഒരു സ്ഥാനവുമില്ലെന്നും നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ മുന്‍ ഡയറക്ടര്‍ കൂടിയായ മൃദുല മുഖര്‍ജി ആരോപിച്ചു. 1942ല്‍ പോലും ഹിന്ദുമഹാസഭ, ആര്‍എസ്എസ് എന്നീ ഹിന്ദുത്വ സംഘടനകള്‍ മനപ്പൂര്‍വം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ നിന്നു വിട്ടുനിന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. ജെഎന്‍യു സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പുതിയൊരു വളര്‍ച്ചഘട്ടം കാണുന്നുണ്ട്. കുറച്ചുകാലത്തെ മൗനത്തിനു ശേഷം ഇന്ത്യന്‍ യുവത്വം ജനാധിപത്യ സ്ഥാപനങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും വേരുകളും ഭാവിയും അന്വേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജെഎന്‍യു, അസഹിഷ്ണുത വിഷയങ്ങളില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it