സ്വാതന്ത്ര്യം സംരക്ഷിക്കുന്ന രാഷ്ട്രമെന്ന പ്രതിച്ഛായ ഇന്ത്യക്കു നഷ്ടപ്പെട്ടു: ചോംസ്‌കി

ന്യൂഡല്‍ഹി: പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്ന രാഷ്ട്രമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വിഖ്യാത ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോസ്‌കി. അമേരിക്കയില്‍ നിന്ന് ഇ-മെയിലിലൂടെ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചോംസ്‌കി ഇക്കാര്യം പറഞ്ഞത്. ജെഎന്‍യു വിഷയത്തില്‍ സര്‍വകലാശാലാ അധികൃതരെ വിമര്‍ശിച്ച് ചോംസ്‌കി നേരത്തെ കത്തയച്ചിരുന്നു.
അസഹിഷ്ണുത ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. എല്ലായിടത്തും വ്യാപകമായുണ്ട്. ഇന്ത്യ സ്വാതന്ത്ര്യവും മനുഷ്യാവകാശവും നീതിയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഉരകല്ലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്വാതന്ത്ര്യം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ സ്വകാര്യവല്‍ക്കരണം വന്നതോടെ ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഏകാധിപത്യ സംസ്‌കാരത്തിന്റെ ഭീഷണിയുടെ സൂചനകളാണ് ജെഎന്‍യു സംഭവത്തിലൂടെ വ്യക്തമാവുന്നതെന്നും ചോംസ്‌കി അഭിപ്രായപ്പെട്ടു.
2016ന്റെ തുടക്കത്തോടെ മൂന്നു പ്രധാന സംഭവങ്ങളാണ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു ലോകത്തുണ്ടായത്. തുര്‍ക്കി സര്‍ക്കാര്‍ കുര്‍ദുകള്‍ക്കെതിരായി നടത്തിയ യുദ്ധമാണ് ഒന്ന്. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയാണു രണ്ടാമത്തേത്. മൂന്നാമത്തേത് കെയ്‌റോയില്‍ ഇറ്റാലിയന്‍ ഗവേഷക വിദ്യാര്‍ഥി ഗിയുലിയോ റെജിനിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവമാണെന്നും ചോംസ്‌കി പറഞ്ഞു. മാസച്ചുസിറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ തത്വശാസ്ത്ര-ഭാഷ വിഷയത്തില്‍ വിസിറ്റിങ് പ്രഫസറാണ് ചോംസ്‌കി. ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ഹാവഡ്, കൊളംബിയ സര്‍വകലാശാലകള്‍ അടക്കം ലോകത്തിന്റെ വിവിധ സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ബിരുദങ്ങള്‍ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it