World

സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബ്ബില്‍ ആക്രമണം; ഫ്‌ളോറിഡയില്‍ 50 പേര്‍ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പില്‍ 50 പേര്‍ മരിച്ചു. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ റൈഫിളുകളും കൈത്തോക്കുകളുമായെത്തിയ അക്രമിയാണ് വെടിയുതിര്‍ത്തതെന്നും അക്രമിയെ കൊലപ്പെടുത്തിയതായും പോലിസ് അറിയിച്ചു. വെടിവയ്പില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലിസ് അറിയിച്ചു.
സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബായ പള്‍സിലാണ് വെടിവയ്പുണ്ടായത്. ക്ലബ്ബിലെത്തിയ തോക്കുധാരി ക്ലബ്ബിലുണ്ടായിരുന്നവരെ ബന്ദികളാക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
ക്ലബ്ബ് അധികൃതര്‍ ഇവരോട് ഇറങ്ങിയോടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൂട്ടവെടിവയ്പ്. മണിക്കൂറുകള്‍ക്കു ശേഷമാണ് പോലിസ് സ്ഥലത്തെത്തിയത്. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല.
ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. സായുധസംഘമാണോ അതോ രാജ്യത്തിനുള്ളില്‍ നിന്നുതന്നെയുള്ള ആക്രമണമാണോ എന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. 100ഓളം പേര്‍ സംഭവസമയം ക്ലബ്ബിലുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം യുഎസില്‍ വെടിവയ്പില്‍ 475 പേര്‍ കൊല്ലപ്പെടുകയും 1870 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ന്യൂയോര്‍ക്കില്‍ ജനിച്ച അഫ്ഗാന്‍ വംശജനായ ഒമര്‍ മതീന്‍ (29) ആണ് ക്ലബ്ബില്‍ വെടിയുതിര്‍ത്തതെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it