സ്വവര്‍ഗരതിയുടെ പാശ്ചാത്യ രാഷ്ട്രീയം

ഡോ. ടൈറ്റസ് പി വര്‍ഗീസ്

ലോകം കീഴ്‌മേല്‍ മറിയുകയാണ്! ശാസ്ത്രംപോലും കപടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഭീകരമാണ് ആഗോളവല്‍ക്കരണവും പാശ്ചാത്യവല്‍ക്കരണവും നമുക്കിടയില്‍ വരുത്തിവച്ചിരിക്കുന്ന ദുരന്തങ്ങള്‍. പുരോഗമനവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന വിശാല ചിന്താഗതിക്കാരുടെ അതിരുകളില്ലാത്ത വാചകമടി കേട്ട് ഒന്നും മനസ്സിലാവാതെ സാധാരണക്കാരന്‍ വാ പൊളിക്കുന്നു! പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും വിവാഹം കഴിക്കുന്നതാണ് നവയുഗകുടുംബമെന്നും ഏതെങ്കിലും ഗതിയില്ലാത്ത കുഞ്ഞിനെ ദത്തെടുത്ത് കുഞ്ഞില്ലാത്ത പ്രശ്‌നം പരിഹരിക്കാമെന്നും ഇവര്‍ വാദിക്കുന്നു.

അതുകേട്ട് 'ഉയര്‍ന്നു ചിന്തിക്കാന്‍' ശേഷിയുള്ളവര്‍ കൈയടിക്കുന്നു. ഒപ്പം ഇതാണു പുതിയ ശരി എന്ന് മാധ്യമങ്ങള്‍ അടിവരയിടുകയും ചെയ്യുന്നു! അഥവാ ആരെങ്കിലും ശുദ്ധഗതിക്ക് ഇത്തരം നിലപാടുകളെ ഒന്നു ചോദ്യംചെയ്തുപോയാല്‍ അയാളെ 'പിന്തിരിപ്പന്‍', 'മതമൗലികവാദി', 'സദാചാര പോലിസ്' തുടങ്ങിയ കഠിനപദങ്ങളിലൂടെ ഒരു മൂലയ്ക്ക് ഒതുക്കാനും ഇവര്‍ വിദഗ്ധരാണ്!ജീവിതമൂല്യങ്ങള്‍ എന്നതു തികച്ചും ആപേക്ഷികമാണെന്നും യഥാര്‍ഥത്തില്‍ അങ്ങനെയൊന്ന് ഇല്ലെന്നുമാണ് ഈ ചിന്താഗതിക്കാര്‍ ഓരോ നിമിഷവും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. ഈ 'വിശാലമനസ്‌കര്‍' വ്യക്തിസ്വാതന്ത്ര്യത്തിനും ധാര്‍മികതയ്ക്കും നല്‍കുന്ന വ്യാഖ്യാനങ്ങള്‍ മാനവകുലത്തിന്റെ പൊതുധാര്‍മികതയെ തകര്‍ക്കുകയാണ്. നന്മയില്‍നിന്നുള്ള പിന്തിരിയലാണ് യഥാര്‍ഥ പിന്തിരിപ്പന്‍ സ്വഭാവം. അതാണീ പുരോഗമനത്തില്‍ കാണുന്നത്.

അറിവുകള്‍ പടിഞ്ഞാറുനിന്നു മാത്രം വരണം എന്ന നിര്‍ബന്ധബുദ്ധി സായിപ്പിനു മാത്രമല്ല, സായിപ്പിനെ കാണുമ്പോള്‍ സല്യൂട്ട് ചെയ്തു ജീവിക്കുന്ന നമുക്കുമുണ്ട്. ശതാവരിയുടെയും കീഴാര്‍നെല്ലിയുടെയും ഔഷധമൂല്യങ്ങള്‍ ഈ അടുത്തിടെ ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണത്തിലൂടെ അംഗീകരിക്കപ്പെടുന്നതുവരെ നമുക്ക് അതൊന്നും ശാസ്ത്രീയം അല്ലായിരുന്നു. നമ്മുടെ പൈതൃകമായ ആയുര്‍വേദ നാട്ടുമരുന്നിന്റെ കാര്യത്തില്‍പ്പോലും അമേരിക്കക്കാരന്റെ സര്‍ട്ടിഫിക്കറ്റ് നമുക്കു കിട്ടിയേ പറ്റൂ!സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കുന്നതിനെപ്പറ്റി വാതോരാതെ പറയുന്നവര്‍ക്കുപോലും അതിനു പിന്നിലെ അമേരിക്കന്‍ തന്ത്രങ്ങള്‍ പിടികിട്ടാതെ പോവുകയാണ്. സ്വവര്‍ഗരതിയും സ്വവര്‍ഗവിവാഹവും മനുഷ്യന്റെ പൊതുജൈവികതയെ തകര്‍ക്കുന്ന വ്യതിചലനങ്ങളാണ്. ഒരു വ്യക്തി സ്വവര്‍ഗരതിക്കാരനായി മാറുന്നതിനു പിന്നില്‍ അവനോ അവളോ ജീവിച്ചു വളരുന്ന കുടുംബപശ്ചാത്തലവും അനുഭവങ്ങളുമാണെന്ന് ശാസ്ത്രീയമായിത്തന്നെ ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തില്‍ അടിത്തറയായി മാറുന്നത് അച്ഛനും അമ്മയുമാണ്. കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ തന്റെ പിതാവിന്റെ രൂപം ഒരാണ്‍കുട്ടിയില്‍ വ്യക്തമായി പതിയുന്നു.

പിതൃരൂപം ഉപബോധതലത്തില്‍ ശക്തമായിരിക്കുന്ന ഒരാണ്‍കുട്ടിക്കും തന്റെ പുരുഷവര്‍ഗത്തില്‍പ്പെട്ട ഒരാളെക്കുറിച്ചും ലൈംഗികമായി ചിന്തിക്കാനാവില്ല. ഉള്‍മനസ്സിലെ അച്ഛന്‍ അത്തരം വിചാരങ്ങളെ തള്ളിമാറ്റിക്കൊണ്ടേയിരിക്കും. കുട്ടിയുടെ ഉള്ളില്‍ അച്ഛന്റെ ചിത്രം ദൃഢമാവുന്നതും ദുര്‍ബലമാവുന്നതും സംഭവങ്ങളിലൂടെയാണ്. ഉദാഹരണത്തിന്, മകനെ വാല്‍സല്യത്തോടെ ചേര്‍ത്തണയ്ക്കുന്ന അച്ഛനും അവന്റെ നല്ല പ്രവൃത്തികളില്‍ അഭിനന്ദിക്കുന്ന പിതാവുമൊക്കെ കുട്ടിയില്‍ അയാളുടെ ചിത്രം കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു. കുടുംബത്തിലും സമൂഹത്തിലും അംഗീകരിക്കപ്പെടുന്നയാളാണ് തന്റെ രക്ഷകര്‍ത്താവ് എന്ന ബോധം അവന്റെ മനസ്സില്‍ ശക്തമായ പിതൃരൂപം ഉറപ്പിക്കുന്നുണ്ട്. മദ്യപാനിയായ പിതാവും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് തുടര്‍ച്ചയായി തന്നെ തരംതാഴ്ത്തുന്ന അച്ഛനുമൊക്കെ ഉള്‍ബോധത്തില്‍ അയാളുടെ ചിത്രം വികലമാക്കുന്നു. ജോലിഭാരം മൂലമോ അല്ലാതെയോ കുട്ടിയോടും കുടുംബത്തോടുമൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ പറ്റാതെ പോവുന്ന പിതാവും മാതാവും സ്വവര്‍ഗരതിയുടെ പശ്ചാത്തലം അറിയാതെ ഒരുക്കുന്നുണ്ട്. തകര്‍ന്ന കുടുംബജീവിതത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഏതൊരു പിതാവും മാതാവും ഒരു കുട്ടിയില്‍ ദുര്‍ബലമായ തന്റെ രൂപം അരക്ഷിതത്വത്തിലൂടെ സമ്മാനിക്കുന്നു. സ്വവര്‍ഗരതിക്കാരില്‍ മിക്കവരും അവരുടെ വീടുകളിലെ ഇളയവരായിരിക്കുമെന്ന് ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. അമിതലാളനകൊണ്ട് അപ്പോള്‍ സ്വാഭാവികമായും അച്ഛന്റെ രൂപം കുട്ടിയില്‍ ചുരുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്.

സ്ത്രീലൈംഗികതയോട് അടിച്ചമര്‍ത്തിയ കുറ്റബോധം പുലര്‍ത്തുന്നവരാണ് സ്വവര്‍ഗരതിക്കാരില്‍ എല്ലാവരും തന്നെ. അമ്മയുടെ വിവാഹേതരബന്ധങ്ങള്‍ തിരിച്ചറിയുന്ന മകന്റെയുള്ളില്‍ സ്ത്രീ-പുരുഷ ലൈംഗികതയോട് അകല്‍ച്ചതോന്നുന്നതു സ്വാഭാവികം. സ്വവര്‍ഗഭോഗത്തിന്റെ മാഹാത്മ്യം വിളിച്ചുകൂവുന്ന മാധ്യമങ്ങളും ബുദ്ധിജീവികളുമൊക്കെ കൊച്ചുകുട്ടികളില്‍ ആ പ്രവണതയെ പ്രോല്‍സാഹിപ്പിക്കുകയാണു ചെയ്യുന്നത്. പെണ്‍ സ്വവര്‍ഗരതി അഥവാ ലെസ്ബിയനിസം ആവുമ്പോള്‍ അതിനു കാരണം പെണ്‍കുട്ടിയില്‍ ദുര്‍ബലമാക്കപ്പെടുന്ന മാതൃഭാവമാണ്. ചെറുപ്പകാല അനുഭവങ്ങളിലൂടെ പരിണമിക്കുന്ന സ്വവര്‍ഗ അടുപ്പത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ഉപബോധതല പ്രക്രിയയാണിത്. സമീപകാലത്താണ് യൂറോപ്പിലും അമേരിക്കയിലും സ്വവര്‍ഗരതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാവുന്നത്. കുടുംബം എന്ന സാമൂഹികവ്യവസ്ഥയെ തകര്‍ക്കുന്നതിന്റെ ഭാഗമാണ് അതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാക്കാവുന്നതാണ്. പാശ്ചാത്യരുടെ സാംസ്‌കാരികമൂല്യങ്ങളാണ് ശരി എന്നു കരുതുന്നവര്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ലൈംഗികമായ അരാജകത്വം വളര്‍ത്തുന്നതിന് എല്‍.ജി.ബി.ടി. പോലുള്ള പ്രയോഗങ്ങളുമായി രംഗത്തുവരുന്നു. ഒരുകാലത്ത് സ്വവര്‍ഗരതി മനോരോഗമായിരുന്നുവെങ്കില്‍ ഇന്നത് മനോരോഗമല്ലെന്നു തീരുമാനിക്കുന്നത് പാശ്ചാത്യരാണ്. ശാരീരികസ്ഥിതിയായാലും മാനസികാവസ്ഥയായാലും ഒരു സ്വഭാവവൈചിത്ര്യം രോഗമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് ബഹുരാഷ്ട്ര മരുന്നുകമ്പനിക്കാരാണ്.

അല്ലെങ്കില്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളിലെ ഗവേഷണങ്ങള്‍. പക്ഷേ, ഗവേഷണം എന്തൊക്കെയായാലും മര്‍മപ്രധാനമായ അന്തിമ പ്രസ്താവനകള്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെയും അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെയും തീരുമാനങ്ങളായാവും പുറത്തുവരുക.സ്വവര്‍ഗരതിക്ക് ഹോര്‍മോണുകളുമായോ ബാക്റ്റീരിയ, വൈറസ് തുടങ്ങിയവയുമായോ യാതൊരു ബന്ധവുമില്ലെന്ന് പ്രാഥമിക പഠനങ്ങളിലൂടെ തന്നെ വെളിവാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സ്വവര്‍ഗ ആഭിമുഖ്യത്തെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഔഷധനിര്‍മാതാക്കള്‍ക്ക് താല്‍പ്പര്യമില്ല. ലാഭമടിച്ചെടുക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ആരു കാശിറക്കും. അതുകൊണ്ടുതന്നെ തങ്ങളുടെ ഫണ്ട്‌കൊണ്ട് ഉപജീവനം കഴിക്കുന്ന പ്രഗല്ഭരായ ഗവേഷകരെക്കൊണ്ടുതന്നെ അവര്‍ പറയിച്ചു, ''സ്വവര്‍ഗരതി രോഗമല്ല, സാധാരണ ലൈംഗിക ജീവിതക്രമം'' മാത്രം! കേട്ടപാതി കേള്‍ക്കാത്ത പാതി, അമേരിക്കന്‍ മെഡിക്കല്‍ സൈക്യാട്രിക് അസോസിയേഷനുകള്‍ സ്വവര്‍ഗരതിക്ക് സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്നൊരു ഓമനപ്പേരും ചാര്‍ത്തിക്കൊടുത്തു.

പാശ്ചാത്യ കണ്ടുപിടിത്തങ്ങള്‍(?) അതേപടി വിഴുങ്ങി മാത്രം പാരമ്പര്യമുള്ള ഇന്ത്യപോലെയുള്ള മൂന്നാംലോക രാജ്യങ്ങളിലെ ഭിഷഗ്വരന്മാരുടെ അസോസിയേഷനുകളും സായിപ്പിന്റെ അറിവിനെ ശരിവച്ചു. സത്യത്തില്‍ നാളിതുവരെ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ട ഡോക്ടര്‍മാരോ ഗവേഷകരോ ഔദ്യോഗികതലത്തില്‍ സ്വവര്‍ഗരതി എങ്ങനെയുണ്ടാവുന്നുവെന്നോ എങ്ങനെ ചികില്‍സിച്ചു മാറ്റാമെന്നോ യാതൊരു ഗവേഷണവും നടത്തിയിട്ടില്ല.  (പ്രമുഖ മനശ്ശാസ്ത്ര വിദഗ്ധനും ചികില്‍സകനുമാണ് ലേഖകന്‍.)                   (അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it