സ്വര്‍ണ നിക്ഷേപ പദ്ധതി: ക്ഷേത്രങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണം

ന്യൂഡല്‍ഹി: ഉപയോഗിക്കാത്ത സ്വര്‍ണശേഖരം പണമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിയോട് ക്ഷേത്രങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണം. ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം വീടുകളിലും ക്ഷേത്രങ്ങളിലും ഉണ്ടെന്നാണു കണക്ക്. രാജ്യത്ത് ഉപയോഗിക്കാത്ത സ്വര്‍ണത്തിന്റെ വന്‍ ശേഖരമുള്ളതു ക്ഷേത്രങ്ങളിലാണ്. സ്വര്‍ണം ഉരുക്കുമ്പോഴുണ്ടാവുന്ന നഷ്ടവും ഓരോ ക്ഷേത്രത്തിലെയും ദേവതകള്‍ക്ക് ആഭരണങ്ങള്‍ സംഭാവന ചെയ്ത ഭക്തരുടെ വിശ്വാസവുമാണ് പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍, പദ്ധതി ഗുണകരമാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിസായി ബാബ ക്ഷേത്രവും നിയമ നടപടികളില്‍പ്പെട്ടതിനാല്‍ അവയ്ക്ക് പദ്ധതിയില്‍ ചേരാനാവില്ല.
രാജ്യത്ത് ക്ഷേത്രങ്ങളിലും വീടുകളിലും ഉപയോഗിക്കാത്ത 22,000 ടണ്‍ സ്വര്‍ണം പണമാക്കി മാറ്റി സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയാണ്. പദ്ധതിയില്‍ സ്വര്‍ണം ആഭരണമായിട്ടും നിക്ഷേപിക്കാവുന്നതാണ്. ആഭരണം ഉരുക്കിനോക്കി ശുദ്ധി പരിശോധിക്കുകയും വേണം. നിക്ഷേപകര്‍ക്ക് പണമായോ 995 ശുദ്ധിയുള്ള സ്വര്‍ണമായോ തിരികെ നല്‍കും. നിക്ഷേപിക്കുന്ന ആഭരണങ്ങള്‍ അതേ രൂപത്തില്‍ തിരിച്ചു നല്‍കുകയില്ല. ഗുജറാത്തിലെ പ്രശസ്തമായ അംബാജി ക്ഷേത്രം പദ്ധതിയില്‍ അംഗമാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സോമനാഥ് ക്ഷേത്രം പദ്ധതിക്ക് അനുകൂലമാണെങ്കിലും ക്ഷേത്രം ട്രസ്റ്റികള്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. മുംബൈയിലെ പ്രസിദ്ധ സിദ്ദി വിനായക ക്ഷേത്രം 160 കിലോഗ്രാം സ്വര്‍ണം നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ 10 കിലോഗ്രാം ഇതിനകം ബാങ്കില്‍ നിക്ഷേപിച്ചുകഴിഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ അധികാരികളായ തിരുമല തിരുപ്പതി ദേവസ്ഥാനം കമ്മിറ്റി പദ്ധതിയില്‍ സ്വര്‍ണ നിക്ഷേപം നടത്താനുള്ള തീരുമാനം ഉടനെ കൈകൊള്ളുമെന്നാണു പറയപ്പെടുന്നത്. കേരളത്തില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ പദ്ധതിയില്‍ പങ്കാളികളാവാന്‍ ഹൈക്കോടതിയുടെ അനുവാദം വേണമെന്ന നിലപാടിലാണ്. എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം പദ്ധതിയില്‍ പങ്കാളികളാവുന്നതിനു തടസ്സമില്ലെന്ന പക്ഷമാണു സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it