Alappuzha local

സ്വര്‍ണാഭരണങ്ങള്‍ക്ക് നിറംനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

മുഹമ്മ: നിറംമങ്ങിയ ആഭരണങ്ങള്‍ മിനുക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ സ്വര്‍ണം കവര്‍ന്ന ബിഹാര്‍ സ്വദേശികളായ രണ്ടുപേരെ നാട്ടുകാരും പോലിസും ചേര്‍ന്ന് പിടികൂടി.
മച്ചഹാര്‍ വില്ലേജില്‍ ലക്കിചന്ദ് ഷായുടെ മകന്‍ അശോക്ഷാ(38), മജര്‍വാള്‍ വില്ലേജില്‍ നഥന്റെ മകന്‍ ബിജയ്കുമാര്‍ (26)എന്നിവരാണ് പിടിയിലായത്. കായിപ്പുറം സംസ്‌കൃതം ഹൈസ്‌കൂളിന് സമീപം പുത്തന്‍കല്ലാട്ട് ഷൈലജയുടെ അഞ്ചര ഗ്രാം സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
ആഭരണങ്ങള്‍ മിനുക്കി നല്‍കാമെന്ന് ധരിപ്പിച്ച് ആദ്യം ഷൈലജയുടെ കാലില്‍ കിടന്ന വെള്ളിയുടെ പാദസരം നിറംവരുത്തി നല്‍കി വിശ്വാസ്യത പിടിച്ചു പറ്റി. പിന്നീട് കഴുത്തില്‍ കിടന്ന മൂന്നുപവന്റെ മാല വാങ്ങി ആസിഡില്‍ ഇടുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ ഷൈലജയുടെ സഹോദരന്‍ സാബു എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ വെള്ളി പാദസരം മിനുക്കിയതിന്റെ കൂലി 50 രൂപ മാത്രം ഈടാക്കി എളുപ്പത്തില്‍ സ്ഥലം വിട്ടത് സംശയത്തിന് ഇടയാക്കി. എന്നാല്‍ തിരികെ നല്‍കിയ സ്വര്‍ണമാല തൂക്കിനോക്കിയപ്പോള്‍ 18.700 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു.
വൈക്കം ടിവിപുരം നിളാനിവാസില്‍ രാജുവിന്റെ ഭാര്യയാണ് ഷൈലജ. കഴിഞ്ഞ ദിവസമാണ് ഷൈലജ കുടുംബവീട്ടില്‍ വന്നത്. തട്ടിപ്പ് ബോധ്യപ്പെട്ട വീട്ടുകാര്‍ മുഹമ്മ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഓട്ടോയില്‍ രക്ഷപെട്ട സംഘത്തെ സാബുവും സുഹൃത്തുക്കളും കൂടി പിന്തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നും പിടികൂടി. സ്ഥലത്തെത്തി പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ഇവരുടെ പക്കല്‍ നിന്നും പ്ലാസ്റ്റിക് ടിന്നില്‍ സൂക്ഷിച്ച ആസിഡ്, മഞ്ഞള്‍പൊടി, പൗഡര്‍ എന്നിവ കണ്ടെടുത്തു. ആസിഡില്‍ നിന്ന് എടുത്ത് മഞ്ഞള്‍ പൊടിയില്‍ പൊതിഞ്ഞ് വീട്ടുകാരെ ഏല്‍പ്പിക്കുന്ന സ്വര്‍ണം അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ തുറന്ന് നോക്കാവൂ എന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സ്ഥലം വിടുന്നതാണ് ഇവരുടെ രീതി.
ഹിന്ദിക്കാരായ ഇവര്‍ വീടുകളിലെത്തുമ്പോള്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. എവിടെയൊക്കെ ഇത്തരത്തില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലിസ് അന്വേഷിച്ച് വരുന്നു. മുഹമ്മ എസ്‌ഐ പ്രതാപചന്ദ്രന്‍, എഎസ്‌ഐമാരായ പി ബി അനില്‍കുമാര്‍, ഷമ്മി ഗഫൂര്‍, സിവില്‍പോലിസ് ഓഫിസര്‍മാരായ ദിനേശന്‍, സുരേഷ്, മണിലാല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it