malappuram local

സ്വര്‍ണാഭരണം തട്ടിയ സംഭവം; യുവതിയും കൂട്ടാളിയും പിടിയില്‍

കരുവാരക്കുണ്ട്:  വിവാഹം ചെയ്ത് ആന്‍ഡമാന്‍ സ്വദേശിയുടെ സ്വര്‍ണാഭരണം തട്ടിയ യുവതിയും ഇടനിലക്കാരിയും പോലിസിന്റെ പിടിയില്‍. പാലക്കാട് നല്ലേപ്പള്ളി താഴത്തുംപാടം സീതാലക്ഷ്മി (26), വിവാഹ ബ്രോക്കര്‍ ചാത്തല്ലൂര്‍ കറുകപുത്തൂരില്‍ പുതുപറമ്പില്‍ റംല (39) എന്നിവരെയാണു കരുവാരക്കുണ്ട് പോലിസ് അറസ്റ്റ് ചെയ്തത്. ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലെയര്‍ സ്വദേശി ഹര്‍ബജന്‍ സിങിന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്. വിവാഹം കഴിക്കാനാണ് ഹര്‍ഭജന്‍സിങ് കരുവാരക്കുണ്ടില്‍ എത്തുന്നത്. നേരത്തെയുണ്ടായിരുന്ന ഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു. ആന്‍ഡമാനില്‍ ബന്ധുക്കളുള്ള കരുവാക്കുണ്ട് സ്വദേശിയുടെ സഹായത്തോടെയാണ് ഹര്‍ബജന്‍ സിങ് കല്ല്യാണം ആലോചിച്ചത്. ഇതിനിടെ വിവാഹ ബ്രോക്കറായ റംലയെ പരിചയപ്പെട്ടു.

റംല ഇടനിലക്കാരിയായി സീതാലക്ഷ്മിയും ഹര്‍ഭജന്‍സിങും തമ്മിലുള്ള വിവാഹം നടത്തി. കഴിഞ്ഞ 23ന് കക്കറ ആലുങ്ങല്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹത്തിനു ബന്ധു ചമഞ്ഞ് എത്തിയത് സീതാലക്ഷ്മിയുടെ ഭര്‍ത്താവും മറ്റു രണ്ടു പേരുമായിരുന്നു. വിവാഹം കഴിഞ്ഞ് ആന്‍ഡമാനിലേക്ക് പോവാന്‍ തയ്യാറെടുത്തതോടെ സീതാലക്ഷ്മി മുടക്കി. ഇതിനിടെ ഒരു ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജില്‍ താമസിച്ചു താലിമാലയടക്കം 36 ഗ്രാം സ്വര്‍ണം ഹര്‍ഭജന്‍ സിങ് സീതാലക്ഷ്മിക്കു നല്‍കിയിരുന്നു.

ആന്‍ഡമാനിലേക്ക് പോവുന്നതിനു മുന്‍പ് ചില ഇടപാടുകള്‍ തീര്‍ക്കാനുണ്ടെന്നു പറഞ്ഞ് സ്വര്‍ണവുമായി സീതാലക്ഷ്മി മുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും പിടിയിലാവുകയായിരുന്നു. 15 ഗ്രാമം സ്വര്‍ണാഭരണം യുവതിയില്‍ നിന്നു പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it