kozhikode local

സ്വര്‍ണശുദ്ധീകരണശാല കുത്തിത്തുറന്ന് മോഷണം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കൊടുവള്ളി: മുക്കത്തെ സ്വര്‍ണ ശുദ്ധീകരണശാലയില്‍ നിന്ന് മൂന്നര കിലോ വെള്ളി മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ കൊടുവള്ളി സിഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടി.
കാസര്‍കോട് കുമ്പള പെരുവാട് കെ കെ ഹൗസില്‍ മുഹമ്മദ്ബാവ(55)യാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാര്‍ച്ച് 18നായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കത്തെ അനില്‍സേട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണശുദ്ധീകരണ ശാലയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.
ഇത്തരം കടകളില്‍ അടിച്ചുവാരിക്കൂട്ടിയിടുന്ന സ്വര്‍ണതരികള്‍ അടങ്ങുന്ന ചണ്ടി വാങ്ങാന്‍ എത്തുന്നവര്‍ എന്ന വ്യാജേനയാണ് മുഹമ്മദ്ബാവയും കൂട്ടുപ്രതിയും എത്താറ്. തുടര്‍ന്ന് കടക്കാരന്‍ പറയുന്ന വിലയില്‍ വളരെ കുറച്ച് മാത്രം പറഞ്ഞ് കച്ചവടം നടത്താതെ പോവുകയും രാത്രിയില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സമാന സംഭവങ്ങളില്‍ ഇയാള്‍ പ്രതിയാണ്.
താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സമാനരീതിയില്‍ കൊടുവള്ളിയിലെ മൂന്ന് കടകളില്‍ മോഷണം നടന്നിരുന്നു.— എഎസ്‌ഐമാരായ വി കെ സുരേഷ്ബാബു, രാജീവ്ബാബു, സിപിഒമാരായ ഷിബില്‍ ജോസഫ്, അബ്ദുല്‍റഷീദ്, ബിജു, കെ പി ബിജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it