സ്വര്‍ണക്കടത്ത്: ഫായിസിന്റെ കൂട്ടാളിക്ക് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസിന്റെ കൂട്ടാളി അബ്ദുല്ല കൊയ്ത്താന്‍കണ്ടിക്ക് സിബിഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ 12ാം പ്രതിയായ കണ്ണൂര്‍ കടവത്തൂര്‍ കൊയ്ത്താന്‍കണ്ടി അബ്ദുല്ലയ്ക്കാണ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും ജാമ്യക്കാരില്‍ ഒരാള്‍ ബന്ധുവുമായിരിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസിന്റെ ആവശ്യത്തിനല്ലാതെ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദുബയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുല്ലയ്‌ക്കെതിരേ സിബിഐ കോടതി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍ പോളിന്റെ സഹായത്തോടെ ഇയാളെ ദുബയില്‍ നിന്നു ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിച്ച ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 29നു കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളെ കോഫേപോസെ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കോഫേപോസെ നിയമപ്രകാരമുള്ള തടവ് ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം കേരള സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ സിബിഐ ചുമത്തിയ കേസില്‍ ഇന്നലെ ജാമ്യം അനുവദിക്കുകയായിരുന്നു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം വരത്തക്കവിധം നികുതി നല്‍കാതെ നിയമപരമല്ലാതെ ദുബയില്‍നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയ കേസിലെ നാലാം പ്രതി ഫായിസിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം. ദുബയില്‍ നിന്നു സ്വര്‍ണവുമായി എത്തിയ അഞ്ചാം പ്രതി ഹാരിസ്, ആറാം പ്രതി ആരിഫ, ഏഴാം പ്രതി ആസിഫ എന്നിവരെ ഫായിസിനു ഏര്‍പ്പാടാക്കി കൊടുത്തത് ഇയാളാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായ ഒന്നാം പ്രതി മാധവന്‍, രണ്ടാം പ്രതി സുനില്‍കുമാര്‍, മൂന്നാം പ്രതി സഞ്ജയ് സോണി എന്നിവര്‍ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി സ്വര്‍ണം കടത്തുന്നതിനു പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നാലാം പ്രതി ഫായിസിന്റെ നേതൃത്വത്തില്‍ 32 കിലോ സ്വര്‍ണം ദുബയില്‍നിന്നു കടത്തിക്കൊണ്ടുവന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. പ്രതിക്കുവേണ്ടി അഭിഭാഷകന്‍ വി എസ് സലിം ഹാജരായി.
Next Story

RELATED STORIES

Share it