സ്വര്‍ണക്കടത്ത് കേസില്‍ ജസ്റ്റിസ് കെ ടി ശങ്കരന്റെ വെളിപ്പെടുത്തല്‍: അനുകൂല വിധിക്ക് കൈക്കൂലി വാഗ്ദാനം 

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ പ്രതിയുടെ കേസ് അനുകൂലമാക്കാന്‍ തനിക്കു കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരന്റെ വെളിപ്പെടുത്തല്‍. കേസില്‍ കോഫേപോസ പ്രകാരം തടവിലായവരുടെ കേസ് പരിഗണനയ്‌ക്കെടുക്കവേയാണ് തനിക്ക് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത അനുഭവം ജസ്റ്റിസ് കെ ടി ശങ്കരന്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നു കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഒഴിവായി.
നെടുമ്പാശ്ശേരി വഴി 600 കോടി വിലമതിക്കുന്ന 2000 കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെയാണ് കോഫേപോസ ചുമത്തിയിട്ടുള്ളത്. എമിഗ്രേഷന്‍ വിഭാഗത്തിലെ പോലിസുകാരനായിരുന്ന ജാബിന്‍ കെ ബഷീര്‍, മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി പി എ നൗഷാദ്, സലിം, യാസിര്‍, ഷിനോയ് കെ മോഹന്‍ദാസ്, ബിപിന്‍ സ്‌കറിയ, ഫാസില്‍, സെയ്ഫുദ്ദീന്‍ തുടങ്ങിയ എട്ടുപേരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജികളാണു കോടതി മുമ്പാകെയുള്ളത്. കോഫേപോസ പ്രകാരം കരുതല്‍ തടങ്കലിന്റെ ആവശ്യമില്ലെന്നും കേസില്‍ അന്വേഷണം നടത്തിയ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ചൂണ്ടിക്കാട്ടിയാണു ഹരജികള്‍.
നിരവധി തവണ ഈ കേസ് ജസ്റ്റിസ് ശങ്കരന്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റിവച്ചിരുന്നു. വാദം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ വേനലവധിക്കു ശേഷവും ജസ്റ്റിസ് കെ ടി ശങ്കരന്‍ അധ്യക്ഷനായ ബഞ്ച് തന്നെ പരിഗണിക്കാന്‍ കേസ് മാറ്റി. തുടര്‍ന്ന് ഇന്നലെ പരിഗണനയ്‌ക്കെത്തിയപ്പോഴാണ് കോടതിയില്‍ ജസ്റ്റിസ് കൈക്കൂലിക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹരജിക്കാരന്റെ പേര് വിളിച്ച് അഭിഭാഷകനെ അന്വേഷിച്ച ശേഷമായിരുന്നു വെളിപ്പെടുത്തല്‍. അടുപ്പമുള്ള ഒരാള്‍ ഫോണില്‍ വിളിച്ച് കോഫേപോസ കേസില്‍ ഒരു ഹരജിക്കാരന് അനുകൂലമായ വിധി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ വിധി പറയുംമുമ്പ് 25 ലക്ഷം നല്‍കാം. അനുകൂല വിധിയുണ്ടായശേഷം ആവശ്യമുള്ള തുക എത്രയാണെങ്കിലും നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. അപ്പോള്‍ തന്നെ താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഇനിയും ഈ കേസ് താന്‍തന്നെ തുടരുന്നതു ശരിയല്ലെന്നും മനസ്സാക്ഷി അനുവദിക്കില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായും അറിയിച്ചു.
തുറന്ന കോടതിയില്‍ വാക്കാലുണ്ടായ വെളിപ്പെടുത്തലിനു ശേഷമാണ് നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ശങ്കരന്‍ പിന്‍മാറുന്നതായി ഡിവിഷന്‍ബെഞ്ച് രേഖാമൂലം ഉത്തരവിട്ടത്. തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലും ആരോഗ്യകരമായ നടപടിക്രമം പ്രകടമാക്കാനാവാത്തതിനാലും കേസ് തുടര്‍ന്ന് കേള്‍ക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ ജസ്റ്റിസിന്റെ അനുഭവം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഉത്തരവില്‍ സംഭവം വ്യക്തമാക്കിയില്ല.
കെ ടി ശങ്കരന്റെ വെളിപ്പെടുത്തല്‍ വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്പി അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
Next Story

RELATED STORIES

Share it