Pathanamthitta local

സ്വരാജ് ട്രോഫി: തുമ്പമണ്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാമത്

പത്തനംതിട്ട: നേട്ടത്തിന്റെ ഒരുപടികൂടി കയറി തുമ്പമണ്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാമതെത്തി. സ്വരാജ് ട്രോഫിക്കായുള്ള ജില്ലാതല മല്‍സരത്തില്‍ മറ്റു പഞ്ചായത്തുകളെ പിന്തള്ളിയാണ് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തുമ്പമണ്‍ ഒന്നാമതെത്തിയത്. ആരോഗ്യ മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ സ്വരാജ് ട്രോഫി നേടുന്നതില്‍ നിര്‍ണായകമായി. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുമ്പമണ്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. വാര്‍ഡ് തലത്തില്‍ ലഭിച്ച തുക മുഴുവന്‍ ചെലവഴിക്കുകയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ റൂം, വിവിധ സ്‌കൂളുകള്‍, കുടുംബശ്രീ എന്നിവയെ സഹകരിപ്പിച്ച് കൊണ്ട് ശുചിത്വ കാംപയ്ന്‍ 'പാഠം 1 ശുചിത്വം' എന്ന പേരില്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഒരു വാര്‍ഡില്‍ നിന്ന് രണ്ട് കുട്ടികള്‍ വീതം എട്ടു ടീമുകളുടെ ഗ്രൂപ്പ് ഉണ്ടാക്കി പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് അഭിപ്രായങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്തി.
വ്യക്തിശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂചിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും പ്രചരണ പരിപാടിയിലൂടെ നല്‍കി. സര്‍വ്വേയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വൃത്തിയായി പരിസരം സൂക്ഷിച്ച ഒരു വാര്‍ഡിലെ ഒരു കുടുംബത്തിന് വീതം നിര്‍മല്‍ അവാര്‍ഡ് നല്‍കി. ശുചിത്വ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി, കാല്‍നട റാലി, കൂട്ടയോട്ടം, തെരുവു നാടകം എന്നിവയും സംഘടിപ്പിച്ചു.
പദ്ധതി വിഹിതം പൂര്‍ണമായും ചെലവഴിക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിലും ശ്രദ്ധ ചെലുത്തി. 2014 ഏപ്രില്‍ മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ 22 ഭരണസമിതി യോഗങ്ങള്‍ നടത്തി. ഗ്രാമസഭകള്‍ കൃത്യമായി വിളിച്ച് ചേര്‍ത്തു. വിവിധ സ്ഥിരം സമിതികളുടെ 65 യോഗങ്ങള്‍ ചേര്‍ന്നു. ആശ്രയ പദ്ധതിയില്‍ വകയിരുത്തിയ തുകയുടെ 100 ശതമാനവും ചെലവഴിച്ചു. വനിതാകൂട്ടായ്മയിലൂടെ 38 ഗ്രൂപ്പുകള്‍ സംഘ കൃഷി നടത്തി. പഞ്ചായത്ത് തല ജാഗ്രതസമിതിയും വാര്‍ഡ് തല ജാഗ്രതസമിതിയും നിയമസഹായസമിതിയും തുമ്പമണില്‍ പ്രവര്‍ത്തിച്ച് വരുന്നു. വികസനഫണ്ട്, പൊതുവിഭാഗം, പട്ടികജാതിവിഭാഗം, ലോകബാങ്ക് സഹായം, 13ാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് മുതലയവ 100 ശതമാനവും ചെലവഴിച്ചു. സാമൂഹ്യ ക്ഷേമപെന്‍ഷന് വേണ്ടി ലഭിച്ച അപേക്ഷയില്‍ 100 ശതമാനവും തീര്‍പ്പാക്കി.
തനത് ഫണ്ട് വരുമാനം 89 ശതമാനം വര്‍ധിച്ചു. നികുതിയും ഫീസും 96 ശതമാനം പിരിച്ചെടുത്തു. മെയിന്റനന്‍സ് 92 ശതമാനം തുക ചിലവഴിച്ചു. ഗ്രാമപ്പഞ്ചായത്തിനെ പേപ്പര്‍രഹിത ഓഫീസാക്കുന്നതില്‍ നടപടികള്‍ സ്വീകരിച്ചു. സ—മ്പൂര്‍ണ കംപ്യൂട്ടര്‍വത്കൃത ഗ്രാമപ്പഞ്ചായത്തായി തുമ്പമണ്‍ മാറി. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ ഭവനസന്ദര്‍ശനം നടത്തി കി—ടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കല്‍, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് ധനസഹായം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ്, പ്രെഫഷണല്‍ കോളജുകളില്‍ പഠനസൗകര്യം, വികലാംഗരായ ആളുകള്‍ക്ക് സഞ്ചാരസഹായി എന്നിവയ്ക്ക് പണം ചെലവഴിച്ചു.
ഗ്രാമീണ റോഡുകള്‍ നവീകരിക്കുകയും ഗ്രാമപ്പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിക്കാനും ഭരണസമിതിക്ക് കഴിഞ്ഞു. അവാര്‍ഡ് തുക പാവപ്പെട്ടവരുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ് പറഞ്ഞു.
Next Story

RELATED STORIES

Share it