സ്വരാജ് അഭിയാന്‍ പഞ്ചാബില്‍ പിളര്‍ന്നു

ന്യൂഡല്‍ഹി: അഡ്വ. പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വരാജ് അഭിയാന്‍ പഞ്ചാബില്‍ പിളര്‍ന്നു. നേതൃത്വത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് സ്വരാജ് പാര്‍ട്ടിയെന്ന പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു തിരഞ്ഞെടുപ്പിനെ നേരിടുമെന്നു വിമതര്‍ അറിയിച്ചു. എഎപിയുമായി തെറ്റിപ്പിരിഞ്ഞാണ് ഇരുവരും നേതാക്കളായ സ്വരാജ് അഭിയാന്‍ രൂപീകരിച്ചത്. പ്രഫ. മഞ്ജീത് സിങ് ആണ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍.
ചണ്ഡീഗഡില്‍ ഞായറാഴ്ചയാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഡല്‍ഹി കഴിഞ്ഞാല്‍ എഎപിയുടെ ശക്തികേന്ദ്രമായ പഞ്ചാബില്‍ അരവിന്ദ് കെജ്‌രിവാളുമായി ഉടക്കിനില്‍ക്കുന്നവരാണു മിക്ക പാര്‍ട്ടി നേതാക്കളും വോളന്റിയര്‍മാരും. അടുത്തുതന്നെ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. നിലവില്‍ എഎപിക്കു നാലു പാര്‍ലമെന്റംഗങ്ങളാണുള്ളത്. അതൊക്കെയും തന്നെ പഞ്ചാബില്‍ നിന്നുമാണ്. അവരില്‍ ധരംവീര ഗാന്ധിയും ഹരീന്ദര്‍ ഖല്‍സയും ഇതിനകം പുതിയ പാര്‍ട്ടിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ബദല്‍ രാഷ്ട്രീയം ഉയര്‍ത്തുകയെന്നതാണ് സ്വരാജ് അഭിയാന്റെ ലക്ഷ്യം. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം ഇതുവരെ തങ്ങളുടെ ലക്ഷ്യം അല്ലായിരുന്നു. ഒരുപാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് സുതാര്യത, ആഭ്യന്തര ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍, പഞ്ചാബിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ പിന്തുടരാതെ ധൃതിപ്പെട്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ആറുമാസം കൊണ്ട് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, പഞ്ചാബില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രാധാന്യം കൂടിവരികയാണെന്നും ഈ സാഹചര്യത്തില്‍ സ്വരാജ് അഭിയാന്റെ ദേശീയ നേതാക്കള്‍ പാര്‍ട്ടി രൂപീകരിക്കാത്തതിനാലാണ് സംസ്ഥാനത്തെ സ്വരാജ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രത്യേകം സംഘടിക്കുന്നതെന്നും മഞ്ജീത് സിങ് പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യോഗേന്ദ്ര യാദവും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കെജ്‌രിവാളുമായി ഏറ്റുമുട്ടി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതോടെയാണ് സ്വരാജ് അഭിയാന്‍ രൂപീകരിച്ചത്.
Next Story

RELATED STORIES

Share it