സ്വരലയ - കൈരളി - യേശുദാസ് പുരസ്‌കാരം ഔസേപ്പച്ചനും വാണി ജയറാമിനും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വരലയ—- കൈരളി - യേശുദാസ് പുരസ്‌കാരത്തിനു സംഗീത സംവിധായകന്‍ ഔസേപ്പച്ചനും സമഗ്ര സംഭാവന പുരസ്‌കാരത്തിനു പിന്നണി ഗായിക വാണി ജയറാമും അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം അവസാനം തിരുവനന്തപുരത്തു നടക്കുന്ന ഗന്ധര്‍വസന്ധ്യയില്‍ കെ ജെ യേശുദാസ് അവാര്‍ഡ് സമ്മാനിക്കുമെന്നു ജൂറി ചെയര്‍മാന്‍ എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവാര്‍ഡ് ജേതാക്കളുള്‍പ്പെടെ ഇരുപതോളം ഗായകര്‍ ഗന്ധര്‍വസന്ധ്യയെന്ന മെഗാ മ്യൂസിക്കല്‍ ഇവന്റില്‍ പങ്കെടുക്കും. ഡോ. കെ ഓമനക്കുട്ടി, എം ജയചന്ദ്രന്‍, കെ വി മോഹന്‍കുമാര്‍, രവി മേനോന്‍, ജി രാജ്‌മോഹന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
മൂന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമാ സംഗീതത്തിലെ സജീവ സാന്നിധ്യമായ ഔസേപ്പച്ചന്‍ മലയാളികള്‍ക്കു മറക്കാനാവാത്ത ഈണങ്ങളുടെ ശില്‍പിയാണെന്നു ജൂറി കമ്മിറ്റി വിലയിരുത്തി. 'നീയെന്‍ സര്‍ഗ സംഗീതമേ, പാതിരാമഴയേതോ, ഏതോ വാര്‍മുകിലിന്‍, ഉണ്ണികളേ ഒരു കഥ പറയാം—, ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ'തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ്. ജലം എന്ന ചിത്രത്തിലെ ഗാനസംവിധാനത്തിന് ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയ വാണി ജയറാം ബോളിവുഡിലൂടെ രംഗത്തുവന്ന ഗായികയാണ്. എല്ലാ ഭാഷകളിലും മധുരമുള്ള ഗാനങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭയായ വാണിജയറാമിന് എഴുപതാം പിറന്നാളില്‍ മലയാളത്തിന്റെ സമ്മാനംകൂടിയാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ സ്വരലയ ജനറല്‍ സെക്രട്ടറി ഇ എം നജീബ്, കൈരളി ടി വി സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ടരമാന്‍, സ്വരലയ ട്രഷറര്‍ തോമസ് ഫിലിപ്പ്, ബെറ്റി ലൂയീസ് ബേബി, എ ജെ പീറ്റര്‍, ആര്‍ എസ് ബാബു, ജി സുന്ദരേശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it