palakkad local

സ്വയം പ്രതിരോധത്തിന്റെ വഴി തീര്‍ത്ത് വിളയൂര്‍ ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍

പട്ടാമ്പി: ആത്മവിശ്വാസത്തിന്റേയും സ്വയം പ്രതിരോധത്തിന്റേയും കരുത്തില്‍ മുന്നേറുകയാണ് വിളയൂര്‍ ഗവ. ഹൈസ്‌കൂളിലെ പെണ്‍കുട്ടികള്‍. മൂന്നുവര്‍ഷമായി വിദ്യാലയത്തില്‍ കരാത്തെ, കുങ്ങ്ഫു, കളരി തുടങ്ങിയ ആയോധന കലകളിലും യോഗയിലും കുട്ടികള്‍ പരിശീലനം നടത്തുന്നു. ആര്‍എംഎസ്എ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പെണ്‍കുട്ടികള്‍ക്കുള്ള മാര്‍ഷ്വല്‍ ആര്‍ട്‌സ് പരിശീലന പദ്ധതി ഈ വിദ്യാലയം പിന്നീട് സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.
2015-16 വര്‍ഷത്തെ വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയുടേയും ആര്‍എംഎസ്എ പദ്ധതിയുടേയും ഭാഗമായി സ്‌കൂളില്‍ 70 കുട്ടികള്‍ പരിശീലനം തുടരുന്നു. ഓറഞ്ച്, യെല്ലോ ബെല്‍റ്റുകള്‍ നേടിയ മിടുക്കികള്‍ ഇക്കൂട്ടത്തിലുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന യോഗാ മല്‍സരങ്ങളില്‍ സമ്മാനം കരസ്ഥമാക്കാനും കുട്ടികള്‍ക്കായി. ജില്ലാതല വുഷു ഫൈറ്റിങില്‍ ഒന്നാം സ്ഥാനം നേടിയ ശില്‍പ ശിവദാസും യോഗയില്‍ രണ്ടാം സ്ഥാനം നേടിയ അഞ്ജനയുമാണ് കൂട്ടത്തിലെ താരങ്ങള്‍. സംസ്ഥാനതലത്തിലും ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പുലാമന്തോള്‍ സ്‌കൂള്‍ ഓഫ് മാര്‍ഷ്വല്‍ ആര്‍ട്‌സ് ഐഡികെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ മുഹമ്മദലിയുടെ മേല്‍നോട്ടത്തില്‍ പരിശീലകരായ സാജിത, ഗ്രീഷ്മ എന്നിവരും ഗ്രൂപ്പ് ലീഡര്‍മാരായ ശില്‍പ ശിവദാസും അജ്ഞനയും ജില്‍സിയും ചേര്‍ന്നാണ് ക്ലാസുകള്‍ നയിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആത്മവിശ്വാസവും കരുത്തും തികഞ്ഞ ഒരു പെണ്‍സമൂഹത്തിന്റെ സൃഷ്ടിക്കുള്ള സാമൂഹ്യമുന്നേറ്റത്തിന് മാതൃകയാവുകയാണ് വിളയൂര്‍ ഗവ. ഹൈസ്‌കൂളിലെ പെണ്‍കുരുന്നുകള്‍.
മൂന്നുവര്‍ഷം മുമ്പ് ഒരു വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത ഈ ഉദ്യമം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിലണ് വിദ്യാലയ അധികൃതരും.
Next Story

RELATED STORIES

Share it