സ്വയം തോല്‍പിച്ച് ബിജെപി

രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിടയുള്ള ഒരു കാര്യം പ്രവചിക്കാന്‍ കഴിയും; ബിജെപി സഖ്യത്തിന് ഒരു സീറ്റും കിട്ടാനിടയില്ല. ബിജെപി നേതൃത്വത്തിന്റെ സ്വയംകൃതാനര്‍ഥം അവരെ എത്തിക്കാന്‍ പോവുന്നത് അവിടെയാണ്.
ബിഡിജെഎസുമായി സഖ്യം ബിജെപിക്കു മേല്‍ അടിച്ചേല്‍പിക്കുമ്പോള്‍ കേന്ദ്രനേതൃത്വം കണക്കു കൂട്ടിയിരുന്നത് കേരളത്തില്‍ 19 സീറ്റു കിട്ടുമെന്നാണ്. പൂഞ്ഞാറില്‍ പി സി ജോര്‍ജ് കൂടി ചേര്‍ന്നാല്‍, ഇത് 20 വരെയാവാം എന്ന് അവര്‍ കണക്കുകൂട്ടി. ഗൗരിയമ്മ ചേര്‍ന്നാല്‍, പിന്നെയും കൂടും.
ബിജെപിക്ക് 11ഉം ബിഡിജെഎസിന് എട്ടും സീറ്റുകളാണ് കേന്ദ്രനേതൃത്വം കണക്കാക്കിയത്. വൈപ്പിന്‍, മൂവാറ്റുപുഴ, ആലപ്പുഴ, കോവളം എന്നിവയും കൊല്ലത്തെ രണ്ടു സീറ്റുകളും ബിഡിജെഎസിനു കിട്ടുമെന്നാണു മനോരാജ്യം കണ്ടത്. ബിജെപിയുടെ വിജയപ്പട്ടികയില്‍, തിരുവനന്തപുരം ജില്ലയിലെ നാലു സീറ്റുകള്‍ക്കു പുറമെ, തിരുവല്ല, കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, ആറന്‍മുള, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ സീറ്റുകളും സ്ഥാനം പിടിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം, ഈ കണക്കില്‍ കേന്ദ്രനേതൃത്വം വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. 'അവര്‍ തോന്നുന്നതു പോലെ ചെയ്യട്ടെ', കേരള ബിജെപി നേതൃത്വത്തെപ്പറ്റി കേന്ദ്രനേതൃത്വത്തിലെ ഒരു തന്ത്രജ്ഞന്‍ നിരാശയോടെയാണ് എന്നോടു പ്രതികരിച്ചത്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അവരുള്‍പ്പെടെയുള്ള 22 അംഗ സ്ഥാനാര്‍ഥിപ്പട്ടികയുമായി ആദ്യം ഡല്‍ഹിയില്‍ ചെന്നപ്പോള്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, എന്നിവരോട് അമിത്ഷാ നീരസം കാട്ടിയത് ഡല്‍ഹിയില്‍ പാട്ടാണ്. പട്ടിക നീട്ടിയ കുമ്മനത്തോട് ഷാ ചോദിച്ചു: താങ്കള്‍ മല്‍സരിക്കുന്നുണ്ടോ? 'ഉണ്ട്', കുമ്മനം പറഞ്ഞു.
ആരു പറഞ്ഞിട്ടാണ് മല്‍സരിക്കുന്നത്?, ഷാ ചോദിച്ചു. കുമ്മനം മുരളീധരനു നേരെ വിരല്‍ ചൂണ്ടി.
താങ്കള്‍ മല്‍സരിക്കുന്നുണ്ടോ?, ഷാ കൃഷ്ണദാസിനോടു ചോദിച്ചു. 'ഉണ്ട്', കൃഷ്ണദാസ് പറഞ്ഞു.
'ആരു പറഞ്ഞിട്ടാണ് മല്‍രിക്കുന്നത്?', ഷാ ചോദിച്ചു. കൃഷ്ണദാസ് ഒന്നും പറഞ്ഞില്ല.'താങ്കള്‍ മല്‍സരിക്കുന്നുണ്ടോ?' ഷാ മുരളീധരനോടു ചോദിച്ചു.
'ഉണ്ട്', മുരളീധരന്‍ പറഞ്ഞു.
'ആരു പറഞ്ഞിട്ടാണ് മല്‍സരിക്കുന്നത്?' ഷാ ചോദിച്ചു. മുരളീധരന്‍ ഒന്നും പറഞ്ഞില്ല. നേതാക്കള്‍ മുഴുവന്‍ മല്‍സരിക്കാന്‍ തീരുമാനിച്ച് ഓഫിസും പൂട്ടിയിറങ്ങിയത്, തീര്‍ച്ചയായും നല്ല മനസ്സോടെ അല്ല.
കേരള നേതാക്കള്‍ക്ക് സ്വന്തം നിലയ്ക്കു മല്‍സരിക്കണം. ബിഡിജെഎസ് വേണ്ട എന്നു തന്നെയായിരുന്നു ആഗ്രഹം. ബിഡിജെഎസിനെ മാത്രമല്ല, ശ്രീശാന്തിനെയും അമിത് ഷാ കേരള നേതൃത്വത്തിനുമേല്‍ കെട്ടിവച്ചു. തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണം കേന്ദ്രനേതൃത്വത്തിന്റെ ഈ നീക്കമാണെന്ന് തിരഞ്ഞെടുപ്പിനുശേഷം കേരള നേതാക്കള്‍ക്കു പറയാം; എന്നാല്‍ കേരള നേതാക്കള്‍ മര്യാദയ്ക്ക് തിരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നതിനു പകരം ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വച്ച് കാര്യങ്ങള്‍ വഷളാക്കിയതിന് തിരഞ്ഞെടുപ്പു കഴിഞ്ഞു മറുപടി പറയേണ്ടി വരും.
കൃഷ്ണദാസിന്റെയും മുരളീധരന്റെയും നേതൃത്വത്തില്‍ രണ്ടു പ്രബല ഗ്രൂപ്പുകളാണ് കേരള ബിജെപിയെ നിയന്ത്രിക്കുന്നത്. എന്‍ഡിഎയിലെ സഖ്യകക്ഷികളുമായുള്ള സീറ്റ് നീക്കുപോക്ക് കുമ്മനം കൃഷ്ണദാസിനു വിട്ടു. കൃഷ്ണദാസിന് ഗ്രൂപ്പടിസ്ഥാനത്തില്‍ ബിജെപിയുടെ സീറ്റുകള്‍ വീതം വയ്‌ക്കേണ്ടിവന്നപ്പോള്‍, സഖ്യകക്ഷികളുടെ താല്‍പര്യങ്ങള്‍ അവഗണിക്കേണ്ടി വന്നു. ഉദാഹരണത്തിന് രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) വെറും രണ്ടു സീറ്റു ചോദിച്ചു. അവര്‍ക്കു പ്രധാനമായും വേണ്ടിയിരുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി ആയിരുന്നു. അടൂര്‍ പ്രകാശിനെതിരേ, എല്‍ജെപിക്കു നല്ലൊരു സ്ഥാനാര്‍ഥി ഉണ്ടായിരുന്നു; ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി വി ഹരിഹരന്‍. എന്നാല്‍ എല്‍ജെപിക്ക് വലിയ താല്‍പര്യമില്ലായിരുന്ന തൃക്കാക്കരയാണ് അവര്‍ക്ക് കൃഷ്ണദാസ് കൊടുത്തത്. കോന്നിയില്‍, അടൂര്‍ പ്രകാശിന്റെ താല്‍പര്യപ്രകാരം ബിജെപി സ്വന്തം നിലയില്‍ ഒരു ദുര്‍ബല സ്ഥാനാര്‍ഥിയെ, അശോക് കുമാറിനെ നിര്‍ത്തിക്കൊടുത്തു. തൃക്കാക്കരയിലാവട്ടെ, എല്‍ജെപി നിര്‍ത്തിയ വിവേക് വിജയനെ പിന്‍വലിക്കണമെന്ന്, എല്‍ജെപി പ്രസിഡന്റ് എം മെഹബൂബിനോട്, കൃഷ്ണദാസ് പതിനൊന്നാം മണിക്കൂറില്‍ ആവശ്യപ്പെട്ടു. വിവേക് വിജയന്‍ പൊട്ടുതൊടുന്നു, കാവി ഉടുക്കുന്നു, മുമ്പ് വേറെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു എന്നീ ആരോപണങ്ങളാണ് കൃഷ്ണദാസ് ഉന്നയിച്ചത്. കൃഷ്ണദാസിന്റെ ഒരു സില്‍ബന്തിയുടെ ആവശ്യപ്രകാരമായിരുന്നു, ബാലിശമായ ഈ ആവശ്യം. ഘടകകക്ഷിക്ക് സീറ്റ് കൊടുത്താല്‍ അവിടെ ആര് നില്‍ക്കണമെന്നു ഘടകകക്ഷിയാണ് തീരുമാനിക്കേണ്ടത് എന്ന മര്യാദയും കൃഷ്ണദാസ് മറന്നു. എന്തായാലും, എല്‍ജെപി കൃഷ്ണദാസിന് കീഴടങ്ങിയില്ല.
പി സി തോമസ് പാലായില്‍ നില്‍ക്കാതിരുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷനലിസ്റ്റ് കോണ്‍ഗ്രസ്സിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതുതന്നെയായിരുന്നു കാരണം. ബിഡിജെഎസിനും ചോദിച്ചത്ര സീറ്റുകളോ, താല്‍പര്യപ്പെട്ട മണ്ഡലങ്ങള്‍ എല്ലാമോ കിട്ടിയില്ല. ഇക്കാരണങ്ങളാല്‍, മല്‍സരരംഗത്തുള്ളത്, ഏച്ചുകെട്ടിയ ഒരു എന്‍ഡിഎ മുന്നണിയാണ്.
ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുകയില്ലെന്നും അവര്‍ക്ക് വോട്ടു ചെയ്യില്ലെന്നുമാണ് ആര്‍എസ്എസിനകത്തെ ധാരണ. തിരിച്ച്, ബിഡിജെഎസും പണിതേക്കാം. ബിജെപി നിര്‍ത്തിയ ഈഴവ സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ടു ചെയ്യാനായിരിക്കും ബിഡിജെഎസിന്റെ ശ്രമം. അപ്പോള്‍, ഫലത്തില്‍, ഏച്ചുകെട്ടിയ ഈ സഖ്യം കൊണ്ട് ഗുണത്തേക്കാള്‍ ദോഷമാവും ബിജെപിക്ക് ഉണ്ടാവുക. അതുകൊണ്ടാണ്, ബിജെപിയുടെ ഭാവി പ്രവചിക്കാന്‍ ആവും എന്ന് ആദ്യമേ പറഞ്ഞത്. ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി 16 ശതമാനം വോട്ടുകിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഏറ്റവും ഒടുവില്‍ കിട്ടിയ 12 ശതമാനത്തിലും താഴെപോയാലും അദ്ഭുതപ്പെടാനില്ല.
ബിഡിജെഎസുമായുള്ള സഖ്യം കൊണ്ട് വേറൊരു കെടുതിയും ബിജെപിയെ കാത്തിരിക്കുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍, ബിജെപി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. 39 സീറ്റില്‍ 29 എണ്ണത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നുള്ളൂ; എന്നിട്ടും ബിജെപി പ്രതിപക്ഷ സ്ഥാനത്തുവന്നു. ബിജെപിയില്‍ നഗരഭാഗത്തു നിന്ന സവര്‍ണ സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബിജെപിയും ബിഡിജെഎസും ആയുള്ള സഖ്യത്തെ പേടിച്ച യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഈഴവരായിരുന്നു കൂടുതല്‍. അതിനോടുള്ള സവര്‍ണ പ്രതികരണമാണ് ഫലത്തില്‍ കണ്ടത്. ഈ സഖ്യം മുന്നില്‍ നില്‍ക്കെ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് സവര്‍ണ വോട്ടുകള്‍ കിട്ടാനിടയില്ല. ബിജെപി ഒറ്റയ്ക്കു നിന്നിരുന്നെങ്കില്‍ അവര്‍ക്ക് കിട്ടുമായിരുന്ന സവര്‍ണ വോട്ടുകളില്‍ വിള്ളല്‍ വീഴും എന്നര്‍ഥം.
ഈ പ്രതിഭാസമാണ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ സാധ്യതയെ നിര്‍ണയിക്കാന്‍ പോവുന്നത്. ബിജെപിക്ക് കിട്ടിയിരുന്ന പരമ്പരാഗത സവര്‍ണ വോട്ടുകള്‍ നഷ്ടപ്പെടുന്നത് യുഡിഎഫിനോ എല്‍ഡിഎഫിനോ കിട്ടുക?
എനിക്കു തോന്നുന്നത് അവ വിഘടിച്ചുപോവുമെന്നാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു കിട്ടിയ ന്യൂനപക്ഷ വോട്ടുകള്‍ അത്ര തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടുകയില്ല. എങ്കിലും ന്യൂനപക്ഷ വോട്ടുകളിലെ കുത്തക യുഡിഎഫിനും ഉണ്ടാവുകയില്ല. ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടി പോലെ, ആ ഭാഗത്തു നിന്ന് അനുകൂല ഘടകങ്ങള്‍ ഇടതിനൊപ്പമുണ്ട്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ചില കാലുവാരലുകള്‍ കൂടി നടക്കും.
ഇതൊക്കെ ആണെങ്കിലും സിപിഎമ്മിന് അവരാഗ്രഹിച്ച പൊതുസമ്മത സ്ഥാനാര്‍ഥികളെ കിട്ടിയില്ല എന്നത് ഒരു ചുവരെഴുത്താണ്. തൃപ്പൂണിത്തുറയില്‍ നില്‍ക്കാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടും രഞ്ജി പണിക്കരും വിസമ്മതിച്ചു. കെപിഎസി ലളിത പിന്‍മാറി. കോണ്‍ഗ്രസ്സിനെ അപേക്ഷിച്ച്, സിപിഎമ്മിന് മികച്ച നേതാക്കള്‍ കുറഞ്ഞിരിക്കുന്നു. അതും പൊതു സമ്മതം ഇറങ്ങി വന്നതിനു തെളിവാണ്.
ബിജെപിയുടെ സവര്‍ണ വോട്ടുകള്‍ വിഘടിച്ച് അതിലൊരു ഭാഗം യുഡിഎഫിനു പോവുകയും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാവുകയും ചെയ്താല്‍ യുഡിഎഫിനു ഭരണത്തുടര്‍ച്ച എന്ന സ്വപ്‌നത്തിലേക്കു നടന്നടുക്കാം. ആ സാധ്യത തള്ളിക്കളയാതെ തന്നെ പറയട്ടെ, ഇപ്പോഴത്തെ അടിയൊഴുക്കുകള്‍ കാട്ടുന്നത്, ഇടതുമുന്നണിക്കു നേരിയ വിജയം ഉണ്ടാവുമെന്നാണ്. യുഡിഎഫും എല്‍ഡിഎഫും ഫോട്ടോ ഫിനിഷില്‍ അവസാനിച്ചാല്‍ നിര്‍ണായക രാഷ്ട്രീയ കക്ഷിയാവാനുള്ള സാധ്യത ബിജെപിക്കുണ്ടായിരുന്നു. കളിക്കളത്തില്‍ ബിജെപി സെല്‍ഫ് ഗോളടിച്ചു നില്‍ക്കുന്ന കാഴ്ചയാണു കാണുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വന്‍സ്‌ഫോടനം ആ പാര്‍ട്ടിയിലായിരിക്കും.

(കടപ്പാട്: ജനശക്തി ഏപ്രില്‍ 30, 2016)
Next Story

RELATED STORIES

Share it