malappuram local

സ്വപ്‌നം സഫലമാവുന്ന നിര്‍വൃതിയില്‍ പാട്ടകരിമ്പ് കോളനിക്കാര്‍

പൂക്കോട്ടുംപാടം: സ്വന്തമായി വീടെന്ന ചിരകാലസ്വപ്‌നം അടുത്തെത്തിയതിന്റെ ആഹ്ലാദത്തിലാണ് പാട്ടക്കരിമ്പ് ആദിവാസി കോളനി നിവാസികള്‍. 33 വീടുകളുടെ പണിയാണ് ഇപ്പോള്‍ ഇവിടെ ആരംഭിച്ചിരിക്കുന്നത്. ഒരു വീടിന് മൂന്നര ലക്ഷമാണ് സര്‍ക്കാരില്‍ നിന്നു ലഭിക്കുക. 1982ല്‍ ഉള്‍വനത്തില്‍ നിന്നു പാട്ടക്കരിമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരാണ് കോളനിക്കാര്‍. അന്നുമുതല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മാത്രമേ ഇവര്‍ക്ക് ലഭിച്ചിട്ടുള്ളു.
വീട്, കൃഷിസ്ഥലം, ശുദ്ധമായ കുടിവെള്ളം, പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം തുടങ്ങിയവയൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഐടിഡിപി ഉള്‍പ്പടെയുള്ളവരുടെ സഹായവും അകന്നുനിന്നു. തുടര്‍ച്ചയായ പരാതിയും മാധ്യമങ്ങളുടെ ശക്തമായ ഇടപെടലും കാരണം 2013ല്‍ പട്ടികവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി 49 കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ വീതം സ്ഥലത്തിന് കൈവശാവകാശ രേഖ നല്‍കിയിരുന്നു.
എങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറംവരേക്കും കൃഷി ചെയ്യാനോ വീട് വയ്ക്കാനോ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പത്രവാര്‍ത്തകളെ തുടര്‍ന്ന് ഏതാനും മാസം മുന്‍പ് ഇവര്‍ക്ക് സ്ഥലം അളന്ന് നല്‍കി.
അപ്പോഴും മരം മുറിക്കരുതെന്ന വനം വകുപ്പിന്റെ നിബന്ധന ഇവരുടെ വീടെന്ന സ്വപ്‌നത്തെ മാറ്റി നിര്‍ത്തി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26ന് മാവോവാദികള്‍ കോളനിയില്‍ വരികയും ആദിവാസികളെ വിളിച്ചുചേര്‍ത്ത് ക്ലാസ് എടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആദിവാസികള്‍ മാവോവാദി പക്ഷത്തേക്ക് ചായുന്നതായ റിപോര്‍ട്ടുകളും വന്നു.
കഴിഞ്ഞമാസം ആദിവാസികള്‍ ഡിഎഫ്ഒയുമായി ബന്ധപ്പെട്ട് മരം മുറിക്കാനുള്ള അനുമതി തേടി. ഡിഎഫ്ഒ ജനുവരി 20 നുള്ളില്‍ അനുമതി ലഭ്യമാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി കൊടുക്കാത്തതിനെ തുടര്‍ന്ന് ആദിവാസികള്‍ സ്വയം മരം മുറിച്ചുമാറ്റുകയായിരുന്നു.
കോളനി നിവാസികള്‍ മാവോവാദികളുമായി അടുക്കുന്നു എന്ന വാര്‍ത്തകളും തിരഞ്ഞെടുപ്പ് അടുത്തുവരുന്നതും സര്‍ക്കാരിനെ ആദിവാസികള്‍ക്കെതിരേ നടപടി എടുക്കുന്നതില്‍ നിന്നു മാറ്റി നിര്‍ത്തി. വീടിന് പുറമെ തങ്ങളുടെ കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണണമെന്ന ആവശ്യമാണ് ആദിവാസികള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it