സ്വന്തം പ്രതിനിധികൊച്ചി കോര്‍പറേഷന്‍ രേഖകള്‍ ആക്രിക്കടയില്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ഫയലുകള്‍ ആക്രിക്കടയില്‍. ഓഫിസിലെ ജീവനക്കാരുടെ ഹാജര്‍ വിവരമടക്കമുള്ള രേഖകളാണ് ആക്രിക്കടയില്‍ നിന്നു കണ്ടെത്തിയത്. കോര്‍പറേഷനിലേക്ക് എത്തിയ വിവിധ അപേക്ഷകളും ജനങ്ങള്‍ക്കു നല്‍കേണ്ട മറുപടികളും ഇതിലുണ്ട്. ഇന്നലെ ഉച്ചയോടെ സി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം ബിജെപി പ്രവര്‍ത്തകരാണ് ആക്രിക്കടയില്‍ നിന്ന് ഫയലുകള്‍ കോര്‍പറേഷന്‍ ഓഫിസിലെത്തിച്ചത്.

വിവരാവകാശ അപേക്ഷകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള സുപ്രധാന സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പറേഷനിലെ അറ്റന്റന്‍സ് രജിസ്റ്റര്‍, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഫയലുകളാണു ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഓവര്‍ബ്രിഡ്ജിന് താഴെയും പി ടി ഉഷ റോഡിലുമുള്ള രണ്ടു കടകളില്‍ നിന്നുമായി 70ലധികം ചാക്കുകെട്ടുകളാണ് ഉണ്ടായിരുന്നത്. ഫയലുകള്‍ മോഷണംപോയതാവാമെന്നും ഫയലുകള്‍ ആക്രിക്കടയില്‍ എത്തിയത് എങ്ങിനെയാണെന്നു തനിക്കറിയില്ലെന്നും കോര്‍പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു പറഞ്ഞു.
കോര്‍പറേഷനിലെ പഴയ രേഖകള്‍ തരംതിരിക്കുന്നതിനായി പടിയാത്തുള്ള കോര്‍പറേഷന്‍ കോംപൗണ്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവിടെനിന്ന് ഫയലുകള്‍ എങ്ങിനെ ആക്രിക്കടയില്‍ എത്തിയെന്നത് ആന്വേഷിക്കുമെന്നും സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മോഷണത്തിന് പോലിസില്‍ പരാതിനല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കോര്‍പറേഷനില്‍ നിന്നു വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ ഉള്‍പ്പെട്ട ചാക്കുകള്‍ വാങ്ങിച്ചതെന്ന് ആക്രിക്കട ഉടമ പറഞ്ഞു. വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി കോര്‍പറേഷന്‍ ഓഫിസ് ഉപരോധിച്ചു.
Next Story

RELATED STORIES

Share it