Gulf

സ്വദേശിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ദോഹ: ഖത്തരിയെ വധിച്ച ജിസിസി പൗരനെ അയാളുടെ അഭാവത്തില്‍ ദോഹ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കോടതി പ്രതിക്ക് വധശിക്ഷ നല്‍കുകയായിരുന്നു. കൊലയ്ക്ക് ഏത് തരത്തിലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും എവിടെയാണ് വാഹനം ഉപേക്ഷിച്ചതെന്നും പ്രതി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. കൊലചെയ്യപ്പെട്ട ആളുടെ ഒമ്പത് കുട്ടികളും നിയമപരമായ പ്രായപൂര്‍ത്തിയാവുന്നതിന് വേണ്ടി കേസ് കുറച്ച് കാലം കോടതി നീട്ടിവച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമോ അതോ രക്തധനം വാങ്ങി കേസ് ഒത്തുതീര്‍പ്പിലെത്തണമോ എന്ന് തീരുമാനിക്കാന്‍ വേണ്ടിയായിരുന്നു കേസ് നീട്ടിയത്.
32വര്‍ഷം പഴക്കമുള്ള പക വീട്ടാനായി വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ദോഹയിലെ ഹോട്ടലില്‍ താമസിച്ച് ആയുധം സജ്ജമാക്കി, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഖത്തരിയെ ഇയാള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം രാജ്യം വിട്ട പ്രതി കൊലപാതകത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it