സ്വതന്ത്ര ചിന്തയുള്ള ആള്‍ പ്രധാനമന്ത്രിയാവുന്നത് സോണിയ ഇഷ്ടപ്പെട്ടില്ല: പവാര്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ചിന്തയുള്ള ആള്‍ പ്രധാനമന്ത്രിയാവുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. അദ്ദേഹത്തിന്റെ 75ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ലൈഫ് ഓണ്‍ മൈ ടേംസ് ഫ്രം ഗ്രാസ് റൂട്‌സ് ടു കോറിഡോര്‍സ് ഓഫ് പവര്‍ എന്ന പുസ്തകത്തിലാണ് സോണിയാ ഗാന്ധിയെക്കുറിച്ചും ജനപഥിലെ പത്താം നമ്പര്‍ വസതിയിലെ വിശ്വസ്തരായ നേതാക്കളെക്കുറിച്ചും പരാമര്‍ശമുള്ളത്. പിറന്നാളിന്റെ തലേദിവസം സോണിയാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. 1991ല്‍ പി വി നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയത് തനിക്കെതിരേ ചില നേതാക്ക ള്‍ നടത്തിയ ചരടുവലി കാരണമായിരുന്നു. മഹാരാഷ്ട്രയില്‍നിന്നു മാത്രമല്ല മറ്റുപല സംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചിരുന്നതായി പവാറിന്റെ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തിലെ മറ്റൊരധ്യായത്തി ല്‍ വാജ്‌പേയി മന്ത്രിസഭയ്‌ക്കെതിരേ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസ്സായതിന്റെ ചരിത്രവും പവാര്‍ വിവരിക്കുന്നുണ്ട്. മായാവതിയുടെ ബിഎസ്പിയുമായി അവസാന നിമിഷത്തില്‍ താന്‍ നടത്തിയ സംഭാഷണം മൂലമാണ് ഒരു വോട്ടിന് വാജ്‌പേയിക്ക് ഭരണം നഷ്ടപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it