Kottayam Local

സ്വച്ഛ് ഭായി, സ്വസ്ഥ് ഭായി' പദ്ധതി 14ന് ആരംഭിക്കും

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പു വരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'സ്വച്ഛ് ഭായി, സ്വസ്ഥ് ഭായി' പദ്ധതിക്ക് 14ന് തുടക്കമാവുമെന്ന് കലക്ടര്‍ യു വി ജോസ്.
ഉദ്ഘാടനം കോടിമത പാരഗണ്‍ ഫാക്ടറിയില്‍ രാവിലെ 10.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യും. ഇതിനായി മെഡിക്കല്‍ ക്യാംപും നടത്തും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ആലോചനയുണ്ട്.
ലാബ് റിപോര്‍ട്ടിന്റെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യ കാര്‍ഡ് നല്‍കുക. തൊഴിലാളികളുടെ ത്വക്ക്, കണ്ണ്, തൊണ്ട എന്നിവയ്ക്ക് പുറമേ പൊതുആരോഗ്യവും പരിശോധിക്കും. കൂടാതെ മലമ്പനി പരിശോധനയും നടത്തും. ഭക്ഷണ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് മഞ്ഞപ്പിത്തം എബി, ടൈഫോയിഡ് എന്നിവയുണ്ടോ എന്നും പരിശോധിയ്ക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അവലംബിച്ച് ലേബര്‍ ക്യാംപുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പാണ് പദ്ധതിയ്ക്കായി ജില്ലാ ഭരണകൂടം നടത്തിയത്. ആരോഗ്യവകുപ്പ് ശാസ്ത്രീയമായി തയ്യാറാക്കിയ 12 ആരോഗ്യ സൂചികകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ 554 തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യ-തൊഴില്‍, റവന്യൂ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രണ്ടു ഘട്ടങ്ങളിലായി പരിശോധന നടത്തി. 13 പോയിന്റിനു താഴെ സൂചിക ലഭിച്ച 112 കാംപുകളില്‍ 48 എണ്ണം അടച്ചു പൂട്ടാനും ബാക്കിയുള്ളവ മെച്ചപ്പെടുത്താനും നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ തുടര്‍ച്ചയായ ഇടപെടല്‍ ക്യാംപുകളുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
Next Story

RELATED STORIES

Share it