സ്വകാര്യ ലാബുകള്‍ പെരുകുന്നു

നിഷ ദിലീപ്

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നു വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതെയാണ് ലാബുകളുടെ പ്രവര്‍ത്തനം.
കൊച്ചി നഗരത്തിലെ ഒരു സ്വകാര്യ ലാബില്‍ കൊളസ്‌ട്രോളും ഹീമോഗ്ലോബിനും പരിശോധിക്കാന്‍ എത്തിയ കാക്കനാട് സ്വദേശിയായ കോളജ് അധ്യാപകന് ലഭിച്ച റിസള്‍ട്ട് ഇങ്ങനെ. കൊളസ്‌ട്രോള്‍ 163, ഹീമോഗ്ലോബിന്‍ 12.2. പരിശോധനാഫലത്തില്‍ സംശയം തോന്നിയ അധ്യാപകന്‍ മറ്റൊരു ലാബില്‍ ഇതേ പരിശോധന നടത്തിയപ്പോള്‍ കൊളസ്‌ട്രോള്‍ 262, ഹീമോഗ്ലോബിന്‍ 13.4 എന്നാണ് റിപോര്‍ട്ട് ലഭിച്ചത്. രണ്ട് റിപോര്‍ട്ടുകളും തമ്മിലുള്ള വ്യത്യാസം കാരണം മൂന്നാമത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ ഫലം കൊളസ്‌ട്രോള്‍ 240, ഹീമോഗ്ലോബിന്‍ 14 എന്നായി.
സംസ്ഥാനത്ത് ഏഴായിരം എക്‌സ്‌റേ പരിശോധനാ കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കണമെങ്കില്‍ ഓരോ ജില്ലയ്ക്കും കുറഞ്ഞത് ഓരോ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീതം വേണം. എന്നാല്‍, കേരളത്തില്‍ വേണ്ടത്ര ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ല എന്നത് പരിശോധനയുടെ പോരായ്മ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ലാബുകളില്‍ സന്ദര്‍ശനം നടത്തി അവശ്യ സൗകര്യങ്ങള്‍ ഉണ്ടോയെന്നും ഉറപ്പ് വരുത്തണമെന്നാണ് നിയമം.
സിടി സ്‌കാന്‍ അടക്കമുള്ള ലാബുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. റേഡിയേഷന്റെ അളവ് കുറയ്ക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് (എഇആര്‍ബി) നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഇതും നടക്കുന്നില്ല. എക്‌സ്‌റേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പായി സുപ്രധാന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവയുടെ ഗുണമേന്‍മ ഉറപ്പുവരുത്തണമെന്നാണ് എഇആര്‍ബി നിര്‍ദേശം. എക്‌സ്‌റേ ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മയും യോഗ്യതയുള്ള റേഡിയോഗ്രാഫര്‍മാരുടെ കുറവും എക്‌സ്‌റേയ്ക്ക് ഉപയോഗിക്കുന്ന ഫിലിം കാസറ്റിന്റെ നിലവാരമില്ലായ്മയും ഡാര്‍ക്ക് റൂം പ്രവര്‍ത്തനങ്ങളുടെ പോരായ്മയുമെല്ലാം റേഡിയേഷന്‍ കൂട്ടാന്‍ ഇടയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it