സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പരീക്ഷ അനുവദിക്കില്ല: സുപ്രിംകോടതി; സംസ്ഥാനങ്ങളുടെ വാദം ഇന്നു കേള്‍ക്കും

ന്യൂഡല്‍ഹി: പ്രത്യേക മെഡിക്കല്‍ പ്രവേശനപ്പരീക്ഷ നടത്താന്‍ സ്വകാര്യ കോളജുകളെ അനുവദിക്കില്ലെന്ന് സുപ്രിംകോടതി. മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് ഏകീകൃത പ്രവേശനപ്പരീക്ഷ (നീറ്റ്) ഈവര്‍ഷം തന്നെ നടത്തണമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെ ഹരജിയിലുള്ള വാദം ഇന്നു നടക്കും.
സ്വന്തമായി പ്രവേശനനിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് ഇളവുനല്‍കാമോ എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ നിര്‍ദേശം നല്‍കി.
എംബിബിഎസ്, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശനപ്പരീക്ഷ രണ്ടുഘട്ടമായി നടത്താന്‍ ഇക്കഴിഞ്ഞ 29നു കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനു പ്രത്യേക പരീക്ഷകള്‍ നടത്തണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ഹരജിയില്‍ പ്രതികരണമറിയിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോടും സുപ്രിംകോടതി നിര്‍ദേശിക്കുകയുണ്ടായി. നീറ്റ് പരീക്ഷ നടത്തണമെന്ന ഉത്തരവില്‍ വിശദീകരണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരീക്ഷയുടെ നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ഇന്നു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it