സ്വകാര്യ ബസ്സുകള്‍ക്ക് വീണ്ടും പെര്‍മിറ്റ് നല്‍കിയത് ഓര്‍ഡിനന്‍സ് ഇറക്കാതെ

സ്വന്തം പ്രതിനിധി

കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് വീണ്ടും പെര്‍മിറ്റ് അനുവദിച്ചത് ഓര്‍ഡിനന്‍സ് ഇറക്കാതെ. ഹൈക്കോടതി നിര്‍ദേശത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നിരിക്കെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാതെയാണ് സ്വകാര്യബസ്സുകള്‍ക്ക് ലിമിറ്റഡ് സ്‌റ്റോപ്പായി സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 241 സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍ 182 എണ്ണത്തിന്റെ പെര്‍മിറ്റ് കെഎസ്ആര്‍ടിസി ഏറ്റെടുത്തിരുന്നു. ശേഷിച്ചവയും കൂടി ഏറ്റെടുക്കാനുള്ള നടപടിയുമായി കെഎസ്ആര്‍ടിസി അധികൃതര്‍ മുന്നോട്ടു നീങ്ങവെയാണ് ഇനിയൊരുത്തരവുണ്ടാവുന്നതു വരെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കേണ്ടെന്ന നിര്‍ദേശം ഉന്നതങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ക്കു ലഭിച്ചത്.
കെഎസ്ആര്‍ടിസി ഏറ്റെടുത്ത സര്‍വീസുകള്‍ക്കു തൊട്ടുപിന്നിലായി ഓടാന്‍ സ്വകാര്യബസ്സുകള്‍ക്കു പെര്‍മിറ്റനുവദിക്കാനും സംസ്ഥാനത്തെ ആര്‍ടി ഓഫിസ് മുഖേന സര്‍ക്കാര്‍ രഹസ്യ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സര്‍വീസുകള്‍ക്ക് പിന്നാലെ സ്വകാര്യ ബസ്സുകളും ഓടിത്തുടങ്ങിയിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഏറ്റെടുത്ത റൂട്ടുകളില്‍ സ്വകാര്യബസ്സുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയത് ഓര്‍ഡിനന്‍സ് ഇറക്കാതെയാണെന്നും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും തൊഴിലാളി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഇത്തരമൊരു ഓര്‍ഡര്‍ അറിഞ്ഞിട്ടില്ലെന്നും സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it