kozhikode local

സ്വകാര്യ ബസ്സിടിച്ച് കെയുആര്‍ടിസി എസി ബസ്സിന്റെ ചില്ല് തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ ഓടുന്ന കെയുആര്‍ടിസിയുടെ ജന്റം എസി ബസിന്റെ ചില്ല് ഞായറാഴ്ച സ്വകാര്യ ബസ്സിടിച്ച് തകര്‍ന്നു. രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് ഈ ബസ്സില്‍ സ്വകാര്യ ബസ്സുകള്‍ ഇടിക്കുന്നത്. ഞായറാഴ്ച പകല്‍ 1.40ന് പുതിയ ബസ് സ്റ്റാന്റിലെ ട്രാക്കില്‍ നിന്നും പുറപ്പെടുന്നതിനിടെ സ്വകാര്യ ബസ് പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു.
90,000 രൂപ വിലയുള്ള മുന്നിലെ വലിയ ചില്ലാണ് തകര്‍ന്നത്. എറണാകുളത്ത് പോയി ചില്ല് നന്നാക്കി വരാന്‍ ഒരാഴ്ചയിലധികം സമയം എടുക്കും. ഇത്രയും നാള്‍ ബസ്സിന്റെ ഓട്ടം മുടങ്ങുന്നതിലൂടെ ഉണ്ടാകുന്ന കളക്ഷന്‍ വര്‍ധന ലക്ഷ്യംവച്ചാണ് 'തട്ടിക്കല്‍' എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. 17,000 രൂപ ദിവസവരുമാനമുള്ള എസി— ബസ്സാണ് യാത്ര മുടങ്ങുന്നത്. രാവിലെയും വൈകീട്ടും യൂണിവേഴ്‌സിറ്റിവരെ പോകുന്നതിനാല്‍ പലപ്പോഴും ട്രിപ്പ് മുടങ്ങാതിരിക്കാന്‍ മറ്റു ബസ്സുകള്‍ പകരം ഓടിക്കാറാണ് പതിവ്. ഒരാഴ്ച മുമ്പ് കക്കോടിയില്‍ വച്ചും ഒരു മാസം മുമ്പ് എരഞ്ഞിപ്പാലത്തുവച്ചും സ്വകാര്യ ബസ്സുകള്‍ എസി ബസിന് ഇടിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ബാലുശ്ശേരി റൂട്ടില്‍ ഇറക്കിയ രണ്ട് നോണ്‍ എസി ബസ്സുകള്‍ക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ പരാതിയില്‍ സര്‍വീസ് റദ്ദാക്കാന്‍ ആര്‍ടിഒ ഉത്തരവിട്ടതായും പരാതിയുണ്ട്.
ബാലുശ്ശേരി റൂട്ടില്‍ ഇനി ബസ് ആവശ്യമില്ലന്ന് പറഞ്ഞായിരുന്നത്രേ റദ്ദാക്കല്‍. സംഭവത്തില്‍ കെഎസ്ആര്‍ടിസി ട്രാഫിക് പോലിസില്‍ പരാതി നല്‍കി. തുടര്‍ച്ചയായി മനപൂര്‍വ്വം സ്വകാര്യ ബസുകാര്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ കമീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it