thiruvananthapuram local

സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് മഫ്തി പരിശോധന നടത്തും

തിരുവനന്തപുരം: സ്വകാര്യബസുകളിലെ നിയമലംഘനങ്ങളും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പരിശോധന നടത്താന്‍ തീരുമാനം. ആറ്റിങ്ങല്‍ മാമം ബസ് അപകടത്തെത്തുടര്‍ന്ന് ട്രാഫിക് സുരക്ഷ കര്‍ശനമാക്കുന്നതിനുവേണ്ടി ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്റെയും ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സ്വകാര്യ ബസ് ഉടമകളുടെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന ക്രൂരത ബസ് തൊഴിലാളികളുടെ പക്ഷത്തുനിന്ന് ഉണ്ടാവരുതെന്നും ബസ് തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും ബി സത്യന്‍ എംഎല്‍എ പറഞ്ഞു.
മാമത്ത് അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദുചെയ്യാന്‍ കലക്ടര്‍ മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ബസുകളില്‍ പരിശോധന നടത്തണം. മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
മാമം, പൂവമ്പാറ, കൊല്ലമ്പുഴ, തട്ടുപാലം എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ റോഡ് സുരക്ഷാ കൗണ്‍സിലിന് നിര്‍ദേശം നല്‍കും. സര്‍വീസ് റോഡുകളിലേക്ക് ഇടവഴികളില്‍ നിന്നുള്ള വാഹനഗതാഗതം നിയന്ത്രിക്കും. ബസിനുള്ളില്‍ കാഴ്ച മറയ്ക്കുന്ന ഫോട്ടോകള്‍, മാലകള്‍ എന്നിവ വയ്ക്കാന്‍ പാടില്ല. മ്യൂസിക് സിസ്റ്റം, എയര്‍ഹോണ്‍ എന്നിവ വാഹനങ്ങളില്‍നിന്നു നീക്കം ചെയ്യണം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ബസിനുള്ളില്‍ ഡ്രൈവറുടെ മുന്‍വശത്തുള്ള റിയര്‍വ്യൂ മിറര്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ ഇവ നീക്കം ചെയ്യാവുന്നതാണെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാവും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിക്കുകയോ ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ അധികാരികള്‍ക്ക് പരാതി നല്‍കാന്‍ വാഹനത്തിനകത്തും പുറത്തും ഫോ ണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പ്രദീപ്, ഡിവൈഎസ്പി ആര്‍ പ്രതാപന്‍, ആര്‍ടിഒ ഷാജി ജോസഫ്, ബസ് ഉടമകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it