സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ ദുരിതത്തില്‍

എം  വി   വീരാവുണ്ണി

പട്ടാമ്പി (പാലക്കാട്): അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും ജീവനക്കാര്‍ ദുരിതത്തില്‍. നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ക്ക് 6050 രൂപ പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവായെങ്കിലും അതു നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളോ ഫാര്‍മസികളോ തയ്യാറാവുന്നില്ല. ഫാര്‍മസിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നെന്നും അതുകൊണ്ടു നിശ്ചയിച്ച വേതനം നല്‍കാനാവില്ലെന്നുമാണ് അവരുടെ വാദം.

സംസ്ഥാനത്ത് 51,700ലധികം വരുന്ന ഫാര്‍മസിസ്റ്റുകളില്‍ 30,000ത്തിലധികവും സ്വകാര്യമേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചുരുക്കംപേര്‍ക്കു മാത്രമേ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിമാസ ശമ്പളം ലഭ്യമാവുന്നുള്ളൂ. അല്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരാറടിസ്ഥാനത്തില്‍ നിശ്ചിത വര്‍ഷത്തേക്കു പണയം വാങ്ങിയാണ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പണയം നല്‍കുന്നവര്‍ക്കു പ്രതിമാസം 2000 രൂപയോ 3000 രൂപയോ ആണു ലഭിക്കുക. സേവന വേതന കരാറിലെ പിഴവുകള്‍മൂലം തൊഴില്‍ വകുപ്പിന്റെ ആനുകൂല്യങ്ങളും ഇവര്‍ക്കു നിഷേധിക്കുകയാണ്. സ്‌കില്‍ ലേബര്‍ തസ്തികയിലുള്‍പ്പെടുത്തി ഫെയര്‍വേജസിന്റെ ഭാഗമാക്കണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.

സ്വകാര്യ ഫാര്‍മസിസ്റ്റുകളില്‍ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും സ്ഥാപനങ്ങള്‍ നല്‍കുന്നില്ല. ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം 2015ല്‍ ഫാര്‍മസി പ്രാക്റ്റീസ് റഗുലേഷന്‍ ആക്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പാക്കാനും ഫാര്‍മസികള്‍ തയ്യാറാവുന്നില്ല. ഫാര്‍മസിസ്റ്റ് ചിഹ്നം രേഖപ്പെടുത്തിയ വെള്ള ഓവര്‍കോട്ടും തിരിച്ചറിയല്‍ ബാഡ്ജും ധരിച്ചേ ഫാര്‍മസിസ്റ്റുകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണു ചട്ടമെങ്കിലും എവിടെയും അതു നടപ്പാക്കുന്നില്ല.

മരുന്നുകള്‍ നല്‍കുന്നതിനു മുമ്പ് അതില്‍ അടങ്ങിയ ചേരുവകള്‍, കഴിക്കുന്ന വിധം, മരുന്നുകളുടെ സൈഡ് എഫക്റ്റ് എന്നിവ രോഗിയെ ബോധ്യപ്പെടുത്തണമെന്നും ചട്ടമുണ്ട്. എന്നാല്‍ മരുന്നുകമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി അതൊന്നും കൃത്യമായി ചെയ്യാന്‍ ഫാര്‍മസി നടത്തിപ്പുകാര്‍ ജീവനക്കാരെ അനുവദിക്കുന്നില്ല. നിബന്ധനകളില്‍ വീഴ്ചവരുത്തുന്നത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഡ്രഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഫാര്‍മസി ഏതു സമയവും പരിശോധിക്കാമെങ്കിലും അവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറല്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് കോട്ടിനും അത് അലക്കുന്നതിനും പ്രത്യേക തുക അനുവദിക്കുന്നുണ്ട്. പുതുതായി നിയമിക്കപ്പെടുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം യോഗ്യതയായി ബി.ഫാം. നിശ്ചയിക്കാനാണു സര്‍ക്കാര്‍ നീക്കം.
Next Story

RELATED STORIES

Share it