thiruvananthapuram local

സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് ജലം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു

പാറശ്ശാല: സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് ജലം നല്‍കാനുള്ള തീരുമാനം ജലഅതോറിറ്റി പിന്‍വലിച്ചു. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വകുപ്പ് മന്ത്രി പി ജെ ജോസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നേരെത്തേ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍നിന്നും പിന്‍മാറാന്‍ ജലഅതോറിറ്റി തീരുമാനിച്ചത്. നെയ്യാറിലെ കാഞ്ഞിരമൂട് കടവില്‍ നിന്ന് കമ്പനിക്ക് ജലം നല്‍കാനായിരുന്നു നീക്കം. വാണിജ്യ ആവശ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം ലിറ്റര്‍ ജലത്തിന് 60 രൂപ നിരക്കില്‍ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ ജലം നല്‍കാനായിരുന്നു കരാര്‍. പ്രതിഷേധം ശക്തമായതോടെ കാഞ്ഞിരമൂട് കടവ് താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും നിര്‍ദ്ദിഷ്ട കാളിപ്പാറ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ജല കൈമാറ്റം അവിടെനിന്നാവുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കാനാണ് ഇടയാക്കിയത്. ഒരു വര്‍ഷം മുമ്പാണ് പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേക്ക് വേണ്ടി കുപ്പിവെള്ളം വിതരണം നല്‍കുന്ന കമ്പനി ജലം ആവശ്യപ്പെട്ട് ജല അതോറിറ്റിക്ക് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് വെള്ളം നല്‍കാന്‍ ജലഅതോറിറ്റി തീരുമാനമെടുക്കുകയും അഞ്ചര ലക്ഷത്തോളം രൂപ ഡിപോസിറ്റായി വാങ്ങുകയും ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കിലും സമീപ പ്രദേശങ്ങളിലും ജലമെത്തിക്കാനായി സ്ഥിപിക്കുന്ന കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ വെള്ളം നല്‍കാനായിരുന്നു ജലഅതോറിറ്റി നീക്കം. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതുവരെ താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് കാഞ്ഞിരമൂട് കടവില്‍ നിന്ന് ജലം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട എന്നീ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജലവിതരണത്തിനാണ് കാളിപ്പാറ കുടിവെള്ള പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ജലക്ഷാമം രൂക്ഷമായ താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാന്‍ വേണ്ടിയാണ് പദ്ധതി രൂപീകരിച്ചത്. എന്നാല്‍ ലക്ഷ്യത്തില്‍നിന്നും മാറി വ്യാപാരോല്‍പ്പാദനത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് വെള്ളം നല്‍കാനുള്ള തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഐആര്‍—സിടിസിയുടെ പേരിലാണ് ജല അതോറിറ്റി നടപടി ക്രമങ്ങള്‍ നടത്തിയിരിക്കുന്നതെങ്കിലും സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബിഒടി മാതൃകയിലുള്ള കമ്പനിയില്‍ റെയില്‍വേക്ക് യാതൊരു നിയന്ത്രണം ഇല്ലെന്നും നിശ്ചിത തുകയ്ക്ക് ജലം നല്‍കേണ്ട കരാര്‍ മാത്രമാണ് കമ്പനിയുമായി ഉള്ളതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചെങ്കല്‍ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം നടത്തുന്ന കാഞ്ഞിരമൂട്ട് കടവ് പമ്പ് ഹൗസില്‍ നിന്ന് സ്വകാര്യ കമ്പനിക്ക് കുടിവെള്ളം നല്‍കിയാല്‍ നിലവിലുള്ള സംവിധാനത്തെ ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം ഒരു ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനാണ് കരാറെങ്കിലും സ്വകാര്യ കമ്പനി വന്‍ തോതില്‍ ജലം ചൂഷണം ചെയ്യുമെന്ന ആശങ്കയും ജനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it