സ്വകാര്യ കമ്പനിക്ക് മിച്ചഭൂമി ദാനം ചെയ്യാന്‍ തീരുമാനിച്ച സംഭവം: വ്യവസായ വകുപ്പിന്റെ പങ്ക് അന്വേഷിക്കാത്തതില്‍ വിജിലന്‍സ് കോടതിക്ക് അതൃപ്തി

കൊച്ചി: സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്നു പറയുന്ന സ്വകാര്യ കമ്പനിക്ക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ മിച്ചഭൂമി ദാനം ചെയ്യാന്‍ തീരുമാനിച്ചതു സംബന്ധിച്ചുള്ള ത്വരിതാന്വേഷണത്തില്‍ വ്യവസായ വകുപ്പിന്റെ പങ്ക് അന്വേഷിക്കാത്തതില്‍ വിജിലന്‍സ് കോടതിക്ക് അതൃപ്തി. കേസ് സംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വോഷണ റിപോര്‍ട്ട് ഇന്നലെ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് എസ്പിക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മെയ് രണ്ടിന് പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരുടെ പങ്ക് ഉള്‍പ്പെടെ ത്വരിതാന്വേഷണം നടത്താ ന്‍ തിരുവനന്തപുരം വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ എസ്പി കെ ജയകുമാറിന് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ 21-നു മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് ഇന്നലെ പരിശോധിച്ചപ്പോഴാണ് ഭൂമിദാനത്തില്‍ വ്യവസായ വകുപ്പിന്റെ പങ്കു സംബന്ധിച്ച് അന്വേഷണം നടത്താത്തതില്‍ കോടതി വിമര്‍ശനം നടത്തിയത്.
ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം അനിവാര്യമാണെന്നും അടുത്തമാസം രണ്ടിന് ഇതുസംബന്ധിച്ച് വിശദ വിവരം നല്‍കണമെന്നുമാണ് ജഡ്ജി പി മാധവന്‍ ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it