Kerala

സ്വകാര്യ അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കണം: ഹൈക്കോടതി

കൊച്ചി: അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ പോലിസിന്റെ അധികാരത്തിലേക്ക് കടന്നുകയറുന്നത് തടയണമെന്ന് ഹൈക്കോടതി. സ്വകാര്യ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമമില്ലാത്തതിനാല്‍ ചില മേഖലകളില്‍ സ്വകാര്യ ഏജന്‍സിയുടെ കടന്നുകയറ്റമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. പൊതു അന്വേഷണ ഏജന്‍സികളുടെ അധികാര പരിധിയിലേക്ക് ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും കേസില്‍ കക്ഷി ചേര്‍ത്ത് ഉത്തരവിട്ടു.
എറണാകുളം റേഞ്ച് ഐജിയായിരുന്ന അജിത് കമാര്‍ തന്നെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് റിട്ട. എസ്പി സുനില്‍ ജേക്കബ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിവാഹ വിഷയങ്ങളാണ് തന്റെ ഡിറ്റക്ടീവ് ഏജന്‍സി അന്വേഷിക്കുന്നതെന്നും പോലിസിന്റെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നും സുനില്‍ ജേക്കബ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാകാറുണ്ട്. ഈ ഇടപെടലുകള്‍ അനുവദിക്കാനാവില്ല. എന്നാല്‍, സ്വകാര്യ വിഷയങ്ങളില്‍ ഇത്തരം ഏജന്‍സികള്‍ ഇടപെടുന്നത് തടയാന്‍ കോടതിക്ക് കഴിയില്ല. അതേസമയം, പൊതു ഏജന്‍സിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം തടയാന്‍ അധികൃതര്‍ക്ക് കഴിയും.
Next Story

RELATED STORIES

Share it