സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ വിശ്വാസ്യതയെ ബാധിക്കും

കൊച്ചി: ഹൈക്കോടതിക്കു സമീപം സമാന്തര പോലിസ് സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇത്തരം സംവിധാനങ്ങള്‍ പോലിസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഡിജിപി അറിയിച്ചു.
മുന്‍ എസ്പി സുനില്‍ ജേക്കബിന്റെ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയുടെ മറവിലാണ് സമാന്തര പോലിസിങ് നടക്കുന്നതെന്നാണ് ഡിജിപിയുടെ ആരോപണം. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സുനില്‍ ജേക്കബ് ഏജന്‍സിയെ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ സഹായവും ഏജന്‍സി തേടുന്നു.
ഇതിനായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക പോലും ചെയ്തു. ഇതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് തയ്യാറാക്കിയ റിപോര്‍ട്ട് മുദ്രവച്ച കവറിലാണ് ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഐജി അജിത്കുമാറിനെതിരേ സുനില്‍ ജേക്കബ് ഉന്നയിച്ച ആരോപണം ശരിയല്ലെന്നും ഡിജിപി പറയുന്നു. ഏഴു തവണ അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ടെന്നും സര്‍വീസിലിരിക്കെ മോശം ട്രാക്ക് റെക്കോര്‍ഡായിരുന്നു സുനില്‍ ജേക്കബിന്റേത് എന്നും ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മധ്യമേഖലാ ഐജിയായിരുന്ന എം ആര്‍ അജിത്കുമാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കാനും താറടിക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുനില്‍ ജേക്കബ് നല്‍കിയ ഹരജിയിലാണ് ഡിജിപിയുടെ സത്യവാങ്മൂലം.
എന്നാല്‍, സ്‌പൈ ഇന്‍വെസ്റ്റിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹരജിക്കാരന്‍ നടത്തുന്ന സ്ഥാപനം സര്‍വീസിലുള്ള മൂന്നു പോലിസുകാരുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വാഹനക്കൈമാറ്റ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ ഇടപെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിപി കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it