Alappuzha local

സ്വകാര്യബസ്സുകളില്‍ പ്ലസ്ടു വരെ കണ്‍സഷന്‍ കാര്‍ഡ് വേണ്ട

ആലപ്പുഴ: പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ യൂനിഫോം പരിഗണിച്ച് കണ്‍സഷന്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ ആധ്യക്ഷ്യതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേകം കണ്‍സഷന്‍ കാര്‍ഡിന്റെ ആവശ്യമില്ല.
ഇതിനു മുകളിലെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കും ഐടിഐ, പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് കണ്‍സഷന്‍ കാര്‍ഡ് നല്‍കും. കാര്‍ഡ് ഒന്നിന് അഞ്ചുരൂപ ഈടാക്കാനും യോഗം തീരുമാനിച്ചു. കോഴ്‌സ് പൂര്‍ത്തിയാകുന്ന കാലയളവിലേക്കാണ് കണ്‍സഷന്‍ കാര്‍ഡ് നല്‍കുക.
പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവധിക്കാലത്ത് ക്ലാസ് ഉള്ള വിഭാഗക്കാര്‍ക്കും കണ്‍സഷന്‍ നിഷേധിക്കരുതെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോഴ്‌സ് പൂര്‍ത്തിയായാലുടന്‍ കാര്‍ഡ് തിരികെ ആര്‍ടിഒയെ ഏല്‍പ്പിക്കണമെന്നും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറരുതെന്നു ബസ് ഉടമകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി, ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍ കണ്‍സഷന്‍ ലഭിക്കും. കൂടാതെ കെഎസ്ആര്‍ടിസിയുടെ ഒരു ബസ് മാത്രം ഓടുന്ന റൂട്ടുകളിലും കണ്‍സഷന്‍ അനുവദിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മൂന്നുമാസത്തിലൊരിക്കല്‍ കൂടും.
പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളജിലെ വിദ്യാര്‍ഥി സ്വകാര്യ ബസ്സിന്റെ ഓട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്യം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായും ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തതായും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. അപകടമുണ്ടാക്കിയ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ യോഗം ആര്‍ടിഒയെ ചുമതലപ്പെടുത്തി. ഡ്രൈവര്‍ക്കും ബസുടമയ്ക്കുമെതിരേ കേസെടുക്കണമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്‍ടിഒ എബി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ഡി സജിത്ബാബു, ബസ്സുടമ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it