സ്വകാര്യകോളജ് അധ്യാപക നിയമനം: കേരള സിന്‍ഡിക്കേറ്റ് യോഗം വീണ്ടും തടസ്സപ്പെട്ടു

തിരുവനന്തപുരം: മുന്‍ യോഗ തീരുമാനങ്ങള്‍ രേഖപ്പെടുത്തുന്നതു സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വീണ്ടും തടസ്സപ്പെട്ടു. ഇന്നലെ രാവിലെ യോഗം ആരംഭിച്ചയുടന്‍ മാര്‍ച്ച് 23ന് നടന്ന സിന്‍ഡിക്കേറ്റിലെ മിനുട്‌സ് രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചകള്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അന്നത്തെ സിന്‍ഡിക്കേറ്റില്‍ അംഗീകരിക്കാതിരുന്ന സ്വകാര്യ കോളജ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗീകരിച്ചതായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രഫ. മോഹനകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ബഹളം വച്ചതിനെത്തുടര്‍ന്നാണ് യോഗനടപടികള്‍ അലങ്കോലപ്പെട്ടത്.
തര്‍ക്കത്തെത്തുടര്‍ന്ന് ഉച്ചവരെ യോഗം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടരുകയായിരുന്നു. ഈ വിഷയം അന്നത്തെ യോഗത്തില്‍ അംഗീകരിച്ചിരുന്നില്ലെന്ന് വൈസ് ചാന്‍സലര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അത് ചെവിക്കൊള്ളാന്‍ എതിര്‍വിഭാഗം കൂട്ടാക്കിയില്ല. തുടര്‍ന്ന് മാര്‍ച്ച് 23ലെ യോഗത്തിന്റെ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ശബ്ദരേഖ പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ജമാല്‍ കുഞ്ഞിനെയും ജോണ്‍ തോമസിനെയും ചുമതലപ്പെടുത്തിയശേഷം യോഗം താല്‍ക്കാലികമായി 12.45ന് പിരിഞ്ഞു. തുടര്‍ന്ന് ശബ്ദരേഖ പരിശോധനയില്‍ പ്രഫ. മോഹനകൃഷ്ണന്‍ നടത്തിയ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. 2.30ന് സിന്‍ഡിക്കേറ്റ് യോഗം വീണ്ടും ചേര്‍ന്നു.
ഇതേ വിഷയത്തെ ചൊല്ലിയാണ് മെയ് 18ലെ യോഗവും തടസ്സപ്പെട്ടത്. അന്ന് അജണ്ടയിലെ ഒരുവിഷയവും പരിഗണിക്കാതെ യോഗം പിരിയുകയായിരുന്നു. 28നു നിശ്ചയിച്ചിട്ടുള്ള സെനറ്റിലേക്കുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കിയാണ് യോഗം പിരിഞ്ഞത്. നാളെ വീണ്ടും സിന്‍ഡിക്കേറ്റ് കൂടിയേക്കും.
Next Story

RELATED STORIES

Share it