malappuram local

സ്ലാബിനിടയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ രണ്ടു മണിക്കൂര്‍

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: അരിപ്രയിലെ ബസ്സപകടത്തില്‍ സജീവമായ രക്ഷാപ്രവര്‍ത്തനം. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും മെഡിക്കല്‍ സംഘവും ഒന്നിച്ചതോടെ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.
നിയന്ത്രണംവിട്ട സ്വകാര്യബസ്സിടിച്ച് പള്ളിമിനാരവും കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബും ബസ്സിന് മുകളില്‍ തകര്‍ന്നുവീണ് 30 പേര്‍ക്കാണ് പരിക്കേറ്റത്. പെരിന്തല്‍മണ്ണ താഴെഅരിപ്ര പള്ളിപ്പടിയിലാണ് അപകടം. പെരിന്തല്‍മണ്ണ- മലപ്പുറം റൂട്ടിലോടുന്ന ക്ലാസിക് ബസ് വേളൂര്‍ പള്ളിയുടെ മിനാരത്തൂണില്‍ ഇടിച്ചു. തുടര്‍ന്ന് ബസ്സിന്റെ മുന്‍ചക്രങ്ങള്‍ പള്ളിമുറ്റത്തെ പടികളില്‍ കയറിയതോടെ ബസ് ചരിഞ്ഞു.
സ്ലാബുകള്‍ മുകളില്‍ വീണതോടെ ബസ് വലത് ഭാഗത്തേക്ക് റോഡില്‍ മറിയുകയായിരുന്നു.
ബസ്സില്‍ കുടുങ്ങികിടന്ന ഡ്രൈവറെ രണ്ട് മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തില്‍ പുറത്തെടുക്കാനായത്.
സീറ്റിനും സ്റ്റയറിങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് കിംസ് അല്‍ശിഫയിലെ ഡോ. അബീറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇതിനിടയില്‍ ഏറെ സാഹസ പെട്ട് ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കുകയുണ്ടായി. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും പോലിസുമടങ്ങുന്ന വന്‍ജനാവലി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസ് യാത്രക്കാരുടെ നിലവിളികേട്ടത്തെിയ പ്രദേശവാസികള്‍ ബസ്സിന്റെ പിന്‍ ഗ്ലാസ് തകര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
പെരിന്തല്‍മണ്ണയില്‍ നിന്നത്തെിയ അഗ്‌നിശമന സേനയും മങ്കട പോലിസും നാട്ടുകാരും ചേര്‍ന്ന് രണ്ട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി ബസ് വലിച്ച് മാറ്റുകയായിരുന്നു.
രക്ഷാ പ്രവര്‍ത്തനം നീണ്ടു പോയതിനാല്‍ മൂന്ന് മണിക്കൂറോളം പാലക്കാട്-കോഴിക്കോട് ദേശീയപാതിയില്‍ വാഹന ഓട്ടം തടസപ്പെട്ടു. ബസ്സുകള്‍ മങ്കട-മക്കരപ്പറമ്പ് വഴിയും രാമപുരം-കടുങ്ങപുരം വഴിയും സര്‍വീസ് നടത്തി.
Next Story

RELATED STORIES

Share it