സ്റ്റുഡന്റ് പോലിസ് കാഡറ്റ് സംവിധാനം എല്ലാ വിദ്യാലയത്തിലും

കൊച്ചി: സ്റ്റുഡന്റ് പോലിസ് കാഡറ്റ് സംവിധാനം എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനുവേണ്ടി കൂടുതല്‍ തുക നീക്കിവയ്ക്കണമെന്ന ആവശ്യം താന്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് പോലിസ് കാഡറ്റ് സംഘടിപ്പിച്ച നോളജ് ഹണ്ട് മല്‍സരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്റ്റുഡന്റ് പോലിസ് കാഡറ്റ്. ലോകത്തിന്റെ വിപുലമായ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും വായനാശീലം വളര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. ജീവിതത്തില്‍ നിരാശയുണ്ടാവാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്റ്റുഡന്റ് പോലിസ് കാഡറ്റ് രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവമാധ്യമങ്ങളില്‍ സജീവമായ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പുതിയ ഭീഷണിയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞു. ലൈക്കുകളുടെ എണ്ണം നോക്കി ആശയങ്ങളുടെയും കൂട്ടായ്മകളുടെയും പിറകെ പോവുന്നവരുടെ എണ്ണം കൂടുകയാണ്.
നവമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പരിമിതികളും സാധ്യതകളും അപകടങ്ങളും യുവതലമുറ അറിഞ്ഞിരിക്കണം. ആധുനിക ലോകത്തെ കഴിവുകളും ചതിക്കുഴികളും വിദ്യാര്‍ഥികള്‍ അറിയണം. ഇതിനായി സ്റ്റുഡന്റ് പോലിസ് കാഡറ്റ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും.
സ്റ്റുഡന്റ് പോലിസ് കാഡറ്റ് ഉള്ള വിദ്യാലയങ്ങളില്‍ മറ്റു വിദ്യാലയങ്ങളിലേതിനേക്കാള്‍ അച്ചടക്കവും പ്രശ്‌നങ്ങളുടെ കുറവും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റുഡന്റ് പോലിസ് കാഡറ്റ് ഇയര്‍ ബുക്കിന്റെ പ്രകാശനവും മികച്ച വിജയം നേടിയ സ്‌കൂളുകള്‍ക്കും കാഡറ്റുകള്‍ക്കും പരിശീലകര്‍ക്കുമുള്ള സമ്മാനദാനവും ചെന്നിത്തല നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഐജി എം ആര്‍ അജിത് കുമാര്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സിറ്റി പോലിസ് കമ്മീഷണര്‍ ദിനേശ്, പി വിജയന്‍, ഡിസിപിമാരായ ഹരിശങ്കര്‍, മുഹമ്മദ് റഫീഖ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it