സ്റ്റാന്റില്‍ ബസ് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു

ചങ്ങനാശ്ശേരി: ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് ബസ് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. പെരുന്ന രണ്ടാം നമ്പര്‍ ബസ്‌സ്റ്റാന്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് അപകടം. തിരുവല്ല ചുമത്ര ചാലമൂലയില്‍ ജയരാജന്റെ ഭാര്യ ലിസി രാജന്‍(47) ആണ് മരിച്ചത്.
ലിസിയുടെ വീടായ വാകത്താനം മലേചന്തയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം തിരികെ പോവാന്‍ പെരുന്ന സ്റ്റാന്റില്‍ എത്തിയതായിരുന്നു ലിസി. ഇതേ സമയം ചങ്ങനാശ്ശേരി-തോട്ടഭാഗം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് യാത്രക്കാരെ ഇറക്കിയ ശേഷം അമിതവേഗത്തില്‍ വന്ന് പാര്‍ക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു. സ്റ്റാന്റില്‍ ബസ് കാത്തിരുന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ ബസ് ലിസിയെ ഇടിക്കുകയായിരുന്നു. ലിസി തല്‍ക്ഷണം മരിച്ചു. സമീപമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. ഇറങ്ങിയോടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി വിഷ്ണു(23)വിനെ വിദ്യാര്‍ഥികള്‍ പിടികൂടി പോലിസിനു കൈമാറി. സ്റ്റാന്റിലുണ്ടായ വിദ്യാര്‍ഥികളാണ് ലിസിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്റ്റാന്റിനുള്ളില്‍ അഞ്ചു കിലോമീറ്റര്‍ താഴെ സ്പീഡിലേ വാഹനം ഓടിക്കാവൂ എന്നിരിക്കെ അപകടത്തിനിടയാക്കിയ ബസ് 40 കിലോമീറ്റര്‍ സ്പീഡിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ചങ്ങനാശേരി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മക്കള്‍: ലിജോ, ജിജോ.
Next Story

RELATED STORIES

Share it