thiruvananthapuram local

സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; സിപിഎം അംഗം ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയില്‍ സ്റ്റാന്റിങ് കമ്മറ്റികളിലേക്കുള്ള നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലറുടെ വോട്ട് ബിജെപിക്ക് ലഭിച്ചു.
മരാമത്ത ്‌സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുമയ്യ മനോജിന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും നഗരസഭ ചീഫ് വിപ്പുമായ പി ഹരികേശന്‍ നായര്‍ വോട്ട് ചെയ്തത്. സിപിഎം അംഗത്തിന് ലഭിക്കേണ്ട വോട്ടാണ് ബിജെപിക്ക് രേഖപ്പെടുത്തിയത്.മരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് എഴ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഗീതകുമാരി, സി സാബു, പി രാജീവ്, എന്‍ ആര്‍ ബൈജു എന്നിവരെയാണ് ഈ കമ്മറ്റിയിലേക്ക് സിപിഎം മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതകളെയാണ് ആദ്യം തിരഞ്ഞെടുക്കുന്നത് എന്നതിനാല്‍ ആദ്യഘട്ടമായി ഗീതാകുമാരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രയോറിറ്റി വോട്ടായതിനാല്‍ ശേഷിക്കുന്ന മൂന്നു പേരാണ് പിന്നീട് മല്‍സരത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മറ്റു ഇടത് കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ഹരികേശന്‍ നായരാണ് പാര്‍ട്ടിയുടെ വിപ്പ് തെറ്റിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്തത്. ഫലപ്രഖ്യാപനത്തിലാണ് ഇടത് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് ഒരു വോട്ട് കുറഞ്ഞതായും ബിജെപി സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് കൂടുതല്‍ ലഭിച്ചതായും കണ്ടത്.
ഓരോ ബാലറ്റിനു പിറകിലും വോട്ട് ചെയ്തയാളിന്റെ പേരും ഒപ്പും രേഖപ്പെടുത്തുന്നതിനാല്‍ ആരുടെ വോട്ടാണ് മാറിപ്പോയത് എന്നറിയണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി അര്‍ജുനന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് റിട്ടേണിങ് ഓഫിസര്‍ വിവരം പ്രഖ്യാപിച്ചത്. ഒരു വോട്ട് മാറിപ്പോയ അവസ്ഥയില്‍ മറ്റൊരു ഇടത് അംഗത്തിന്റെ വോട്ട് കൂടി അസാധുവായെങ്കില്‍ സിപിഎമ്മിന് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയി നഷ്ടപ്പെടുമായിരുന്നുവത്രേ. ഇതിന് തൊട്ടുമുമ്പ് നടന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഗീതയുടെ വോട്ട് അസാധുവായിരുന്നു. മരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്കുള്ള മറ്റംഗങ്ങളായി കോണ്‍ഗ്രസില്‍ നിന്നും എം എസ് ബിനുവും ഫാത്തിമയും ബിജെപിയില്‍ നിന്നും സുമയ്യ മനോജും തിരഞ്ഞെടുക്കപ്പെട്ടു.സിപിഎം ഏരിയ നേതാവും നഗരസഭ ചീഫ് വിപ്പുമായ പി ഹരികേശന്‍ നായരുടെ വോട്ട് മാറിയത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കാനാണ് സാധ്യത.
Next Story

RELATED STORIES

Share it