palakkad local

സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്: പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ ചിറകരിഞ്ഞു

പാലക്കാട്: ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം കൈപ്പിടിയിലൊതുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് പാലക്കാട് നഗരസഭയില്‍ തുടക്കത്തിലെ തിരിച്ചടി.
ഭൂരിഭാഗം സ്റ്റാന്റിങ് കമ്മിറ്റികളും യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി സ്വതന്ത്രരുടെ പിന്തുണയോടെ നേടിയതോടെ ബിജെപി താമരയ്ക്ക് നിറംകെട്ടു. പാലക്കാട് നഗരസഭയില്‍ 52 വാര്‍ഡുകളില്‍ യുഡിഎഫ് 16 വാര്‍ഡുകളും എല്‍ഡിഎഫ് 6 വാര്‍ഡുകളും ബിജെപി 24 വാര്‍ഡുകളും സ്വതന്ത്രന്‍മാര്‍ 6 വാര്‍ഡുകളിലുമാണ് വിജയിച്ചതെന്നിരിക്കേ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ നടന്ന സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മേധാവിത്വം ചിലതില്‍ മാത്രമായൊതുങ്ങി. തിരഞ്ഞെടുപ്പില്‍ വികസന, ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവികള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫും സ്വതന്ത്രരും പിന്തുണച്ചതോടെയാണിത്.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മല്‍സരിച്ച ബിജെപിയിലെ മുതിര്‍ന്ന കൗ ണ്‍സിലറും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ എന്‍ ശിവരാജന്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് മുന്‍തൂക്കം നേടാനായത് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ മാത്രമാണ്. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമായതിനാല്‍ അതും ബിജെപിക്ക് ലഭിക്കില്ല. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ റസീന ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി എന്‍ സി സൗമിനിയെ 24 നെതിരേ 28 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് റസീന വിജയിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായി എ കുമാരി, തങ്കം, പ്രസന്ന, സി മണികണ്ഠ ന്‍, മോഹന്‍ബാബു, വി പി രഘുനാഥ്, സ്മിതേഷ്, ഹബീബ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ശ്രീമതിയുടേയും കോണ്‍ഗ്രസ് നേതാവായ ഭവദാസിന്റേ യും വോട്ടുകള്‍ അസാധുവായി. കക്ഷിനില-യുഡിഎഫ്-3, ബിജെപി-4, എല്‍ഡിഎഫ്-2.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ ഡോ. എ ഫസീല തിരഞ്ഞെടുക്കപ്പെട്ടു.
ഒരു വോട്ട് അസാധുവായപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ബിജെപിയിലെ ടി എസ് മീനാക്ഷിക്ക് 24 വോട്ടുകളെ ലഭിച്ചുള്ളൂ. ജയന്തി രാമനാഥന്‍, കെ ജയേഷ്, കെ മണി, ശാന്തി, കെ സുമതി, സാജിത ഹാഷിം, പി സാബു തിരഞ്ഞെടുക്കപ്പെട്ടു. കക്ഷി നില-യുഡിഎഫ്-3, ബിജെപി-3, എല്‍ഡിഎഫ്-2.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ രാജേശ്വരി ജയപ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ഇ പ്രിയയെ 24 നെതിരേ 28 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് രാജേശ്വരി ജയപ്രകാശ് ജയിച്ചത്. എസ് പി അച്യുതനാന്ദന്‍, പി ബേബി, സി മധു, മോഹന്‍ ബാബു, രഞ്ജിത്ത്, വി ശ്രീമതി, എം സഹീദ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കക്ഷി നില: യുഡിഎഫ്-നാല്, ബിജെപി-4, എല്‍ഡിഎഫ്-1.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ ഭാഗ്യം തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയായ ദിവ്യയെ 24 നെതിരേ 28 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭാഗ്യം ജയിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായി അബ്ദുള്‍ ഷുക്കൂര്‍, ഉദയകുമാര്‍, കെ ഭവദാസ്, സുഭാഷ്, ഗംഗ, കെ പ്രസാദ്, സുനില്‍ തിരഞ്ഞെടുക്കപ്പെട്ടു. കക്ഷി നില-യുഡിഎഫ്-3, ബിജെപി-3, എല്‍ഡിഎഫ്-2.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെകുടാതെ നാമനിര്‍ദേശ പത്രിക നല്‍കിയ ബിജെപിയിലെ ദേശീയ നിര്‍വാഹക സമിതി അംഗം എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍, വി നടേശന്‍, ലീഗ് വിമതന്‍ സെയ്തലവി, സിപിഎമ്മിലെ പിജി രാംദാസ് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നിലവില്‍ നാമനി ര്‍ദേശ പത്രിക സമര്‍പ്പിച്ച യുഡിഎഫിലെ സുഭദ്ര, ചെമ്പകം, ശരവണന്‍, സുജാത എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റികളിലേക്കെല്ലാം ശക്തമായ മല്‍സരമാണ് യുഡിഎഫും എല്‍എഡിഎഫും ബിജെപിയും കാഴ്ചവച്ചത്.
Next Story

RELATED STORIES

Share it