സ്മിതയുടെ തിരോധാനം: സിബിഐയില്‍ വിശ്വാസമര്‍പ്പിച്ച് മാതാപിതാക്കള്‍

കൊച്ചി: ദുബയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എറണാകുളം ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതില്‍ പ്രതീക്ഷ യുണ്ടെന്ന് മാതാപിതാക്കള്‍. 2005ല്‍ മകളെ കാണാതായതു മുതല്‍ തുടങ്ങിയ അന്വേഷണമാണ്. മകള്‍ക്ക് എന്തു സംഭവിച്ചെന്ന് ഇനിയെങ്കിലും അറിയണമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് സ്മിതയുടെ മാതാവ് ഫാന്‍സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്ത് നടന്ന കേസായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതികള്‍ ഉള്ളതിനാലാണ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചതെന്ന് സ്മിതയുടെ പിതാവ് ഏര്‍പ്പെടുത്തിയ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. സ്മിത എഴുതിയതെന്ന് പറഞ്ഞ് ഭര്‍ത്താവ് ആന്റണി കാണിച്ച കത്ത് വ്യാജമാണെന്നും അത് ആന്റണിതന്നെ എഴുതിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ആന്റണിയുടെ കാമുകി ദേവയാനി എന്ന മിനിയെ കണ്ടെത്തുന്നതിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറെ സഹായകമായിട്ടുണ്ട്. ദേവയാനിയെ ചോദ്യം ചെയ്തതില്‍നിന്നും ആന്റണിക്ക് ഒപ്പം രണ്ട് സു ഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നത് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് സഹായകമാവുമെന്നും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.
ദേവയാനിയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതിയിരുന്ന ക്രൈംബ്രാഞ്ച് ഇപ്പോള്‍ അവരെ സാക്ഷി മാത്രമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിബിഐയുടെ അന്വേഷണം ഫലപ്രദമാവുമെന്നും ഇനിയെങ്കിലും സത്യം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ 1നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
2005 സപ്തംബര്‍ 1ന് ദുബയിലുള്ള ഭര്‍ത്താവിനടുത്തെത്തിയ സ്മിതയെ മൂന്നാം ദിവസം കാണാതാവുകയായിരുന്നു. പിന്നീട് സ്മിതയുടെ മൃതദേഹം കണ്ടെത്തിയ ദുബയ് പോലിസ് ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബയില്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഡ്വ. ഷംസുദ്ദീന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്മിതയുടെ പിതാവ് ജോര്‍ജ് എ ജി, സഹോരദീ ഭര്‍ത്താവ് അജയ് ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it