ernakulam local

സ്മാര്‍ട്ട്‌സിറ്റി ലോഗോ; നഗരസഭയെ മാറ്റിനിര്‍ത്തിയതില്‍ കൗണ്‍സിലില്‍ വ്യാപക പ്രതിഷേധം

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി ലോഗോ രൂപകല്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് നഗരസഭയെ മാറ്റിനിര്‍ത്തിയതില്‍ കൗണ്‍സിലില്‍ വ്യാപക പ്രതിഷേധം. സ്വകാര്യകമ്പനിയുടെ പാനല്‍ നല്‍കിയ ലോഗോയും ടാഗ്‌ലൈനും സ്മാര്‍ട്ട്‌സിറ്റിയുടെ അംഗീകൃത ലോഗോയാണെന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പുതിയ ഭരണസമിതിയുടെ പ്രഥമയോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി.
പ്രതിപക്ഷനേതാവ് കെ ജെ ആന്റണിയാണ് ഇക്കാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ലോഗോ പ്രകാശനചടങ്ങില്‍ നിന്ന് കലാഹൃദയമുള്ള മേയറെ ഒഴിവാക്കിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ജനപ്രതിനിധികളെ അറിയിക്കാതെയാണ് പരിപാടി നടത്തിയത്. ജനറം പദ്ധതി പ്രകാരം ലഭിച്ച ലോ ഫ്‌ളോര്‍ എസി ബസുകള്‍ കെഎസ്ആര്‍ടിസി തട്ടിയെടുത്തതു പോലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഹൈജാക്ക് ചെയ്യാനുളള നീക്കങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെ ആര്‍ പ്രേംകുമാര്‍, ബെന്നി ഫെര്‍ണാണ്ടസ് തുടങ്ങിയ കൗണ്‍സിലര്‍മാരും ജനപ്രതിനിധികളെ അവഗണിച്ചതില്‍ പ്രതിഷേധം അറിയിച്ചു.
ഉദ്യോഗസ്ഥതലത്തിലുളള തീരുമാനങ്ങളില്‍ ഭരണസമിതിക്ക് പങ്കില്ല. അതേസമയം ഈ സ്വപ്‌ന പദ്ധതിയില്‍ നിന്ന് നഗരസഭയെ ഒഴിവാക്കാനുളള നീക്കങ്ങള്‍ ഉണ്ടായാല്‍ കൗണ്‍സിലിന്റെ ആശങ്ക സര്‍ക്കാരിനെ അറിയിക്കും.
സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ അര്‍ഹമായ മുന്‍ഗണന നഗരസഭയ്ക്ക് ലഭിക്കണമെന്നും ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്നും ഡപ്യുട്ടി മേയര്‍ ടി ജെ വിനോദ് പറഞ്ഞു.
വാര്‍ഷിക വരുമാനത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചയോടെ പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി മേയര്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണം പോസ്റ്റല്‍വകുപ്പില്‍ നിന്ന് നഗരസഭ ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിക്കും. പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കി.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതികള്‍ കണക്കിലെടുത്ത് ഓരോ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസും കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടും. ചെറിയ കാനകള്‍ ശുചീകരിക്കുന്നതിനായി ഓരോ ഡിവിഷനും രണ്ടു ലക്ഷം രൂപ വീതം ഉടന്‍ അനുവദിക്കും. സ്ഥലമെടുപ്പിന് പുതിയ നിയമങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ 40 അടി റോഡിന്റെ വികസനത്തെ കുറിച്ച് കളക്ടറുമായി ആലോചിക്കും.
നഗരസഭയുടെ ഹോമിയോ ഡിസ്‌പെന്‍സറികളിലെ മരുന്ന്ക്ഷാമം പരിഹരിക്കുന്നതിനായി ഹോംകോ സൊസൈറ്റി മേധാവികളുമായി ചര്‍ച്ച നടത്തും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it