kozhikode local

സ്പീഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയ റോഡ് പൂര്‍ത്തിയായത് ഹൈസ്പീഡ് വേഗതയില്‍

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സ്പീഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ 152.75 കോടി രൂപ ചെലവഴിച്ച് കോരപ്പുഴ, പുറക്കാട്ടിരി പാലങ്ങള്‍ ഉള്‍പ്പെടെ 5.1 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ അവസാന സ്ട്രച്ച് പൂര്‍ത്തിയാക്കിയത് വെറും 16 മാസംകൊണ്ട്.
പി.ഡബ്ല്യു.ഡി തയ്യാറാക്കിയ രൂപരേഖ പ്രകാരം മൂന്നു വര്‍ഷംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നെങ്കിലും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സൊസൈറ്റി രണ്ടുവര്‍ഷംകൊണ്ട് തീര്‍ക്കാമെന്ന ഉറപ്പിലായിരുന്നു നിര്‍മാണം തുടങ്ങിയത്.
എന്നാല്‍ വാഗ്ദാനം ചെയ്ത കാലാവധിക്കുമുമ്പു തന്നെ പണി പൂര്‍ത്തിയാക്കുമെന്ന ദൃഢനിശ്ചയത്തോടെ പാലത്തിനും കലുങ്കിനും റോഡിനും വെവ്വേറെ ഡയരക്ടര്‍മാരെ ചുമതലപ്പെടുത്തി, മൂന്ന് ഷിഫ്റ്റുകളിലായി രാവും പകലും ജോലിക്കാരെ ഏര്‍പ്പെടുത്തിയാണ് 16 മാസത്തിനകം തന്നെ ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത്.
486 മീറ്റര്‍ നീളമുള്ള കോരപ്പുഴ പാലം, 188.5 മീറ്റര്‍ നീളമുള്ള പുറക്കാട്ടിരി പാലം എന്നിവയുള്‍പ്പെട്ടതാണ് ബൈപ്പാസിന്റെ അവസാനഘട്ടത്തിലെ പ്രവൃത്തി.
ഇതില്‍ കോരപ്പുഴ പാലം മലബാറിലെ തന്നെ ഏറ്റവും വലിയ പാലമാണ്. 37.1 നീളത്തില്‍ 13 സ്പാനുകളുള്ള പാലം കോരപ്പുഴയുടെ ജലഗതാഗതത്തെ തടസ്സപ്പെടുത്താതെയാണ് നിര്‍മിച്ചിരിക്കുന്നത്. പുറക്കാട്ടിരി പാലത്തിന് 37.1 മീറ്റര്‍ നീളത്തില്‍ അഞ്ച് സ്പാനുകളാണുള്ളത്.
ഇതിനു പുറമെ അവസാനഘട്ടത്തില്‍ 13 ബോക്‌സ് കല്‍വെര്‍ട്ടുകള്‍, മൂന്ന് സ്ലാബ് കല്‍വെര്‍ട്ടുകള്‍, 4060 മീറ്റര്‍ ഡ്രെയിനേജ്, വാഹനങ്ങള്‍ക്ക് മുറിച്ചുകടക്കാനായി നാല് അടിപ്പാതകള്‍, ഇരുവശത്തുമായി 7.9 കിലോമീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും സര്‍വീസ് റോഡുകള്‍ എന്നീ നിര്‍മാണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തി ല്‍ പൂര്‍ത്തിയാക്കാനായി. 28.1 കിലോമീറ്റര്‍ നീളമുള്ള രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ ഈ അവസാന സ്‌ട്രെച്ചിന് മാത്രമാണ് സര്‍വീസ് റോഡുള്ളത്. നടപ്പാത ഉള്‍പ്പെടെ മൊത്തം 10 മീറ്ററിലാണ് ടാറിങ്.
Next Story

RELATED STORIES

Share it