Cricket

സ്പിന്‍ കെണിയില്‍ ഇന്ത്യ നിലംപൊത്തി

സ്പിന്‍ കെണിയില്‍  ഇന്ത്യ നിലംപൊത്തി
X
Rohit Sharma, Luke Ronchi

നാഗ്പൂര്‍: കുട്ടിക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യക്ക് വീണ്ടും അടിതെറ്റി. ട്വന്റി ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 10 റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ആതിഥേയരായ ഇന്ത്യ കിവീസിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ 47 റണ്‍സിനാണ് ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്.
സ്വന്തം നാട്ടില്‍ ഏതിരാളികളെ സ്പിന്നര്‍മാരിലൂടെ കറക്കി വീഴ്ത്താറുള്ള ഇന്ത്യക്ക് ഇത്തവണ അതേ സ്പിന്നര്‍മാര്‍ തന്നെ തിരിച്ചടി നല്‍കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ സ്പിന്നര്‍മാരെ പന്ത് ഏല്‍പ്പിക്കാനുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തന്ത്രമാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് ന്യൂസിലന്‍ഡ് സ്പിന്നര്‍മാരായിരുന്നു.
ഇതോടെ ഇന്ത്യക്കെതിരേ ട്വന്റിയില്‍ 100 ശതമാനം വിജയ ശതമാനം നിലനിര്‍ത്താനും കിവീസിന് സാധിച്ചു. ഇന്ത്യയും കിവീസും ആറ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും ന്യൂസിലന്‍ഡിനൊപ്പമായിരുന്നു ജയം. ഒരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കിരീടഫേവറിറ്റുകളായ ഇന്ത്യയെ ഇന്നലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാറ്റ്‌സ്മാന്‍മാരാണ് ചതിച്ചത്. വെടിക്കെട്ട് വീരന്‍ ബ്രെന്‍ഡന്‍ മക്കുല്ലം വിടവാങ്ങിയെങ്കിലും തങ്ങള്‍ ഇപ്പോഴും ശക്തരാണെന്ന് അടിവരയിടുന്നതായിരുന്നു ഇന്നലെ കിവികളുടെ പ്രകടനം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു. 42 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 34 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സനാണ് ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പര്‍ ലുക്ക് റോഞ്ചി പുറത്താവാതെ 11 പന്തില്‍ രണ്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 21 റണ്‍സെടുത്തു.
ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍, ആശിഷ് നെഹ്‌റ, ജസ്പ്രിത് ബുംറ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ആദ്യ ഓവറുകളില്‍ തന്നെ സ്പിന്നര്‍മാരെ ഇറക്കി ന്യൂസിലന്‍ഡ് ഇന്ത്യയുടെ താളം തെറ്റിക്കുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കളി മറന്ന ഇന്ത്യ 18.1 ഓവറില്‍ 79 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 30 (30 പന്ത്, ഒരു ഫോര്‍, ഒരു സിക്‌സര്‍), വിരാട് കോഹ് ലി 23 (27 പന്ത്, രണ്ട് ഫോര്‍), അശ്വിന്‍ 10 എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായത്.
ന്യൂസിലന്‍ഡിനു വേണ്ടി മിച്ചെല്‍ സാന്റ്‌നര്‍ നാലും ഇന്ത്യന്‍ വംശജന്‍ ഇഷ് സോധി മൂന്നും നതാന്‍ മക്കുല്ലം രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
സ്‌കോര്‍ ബോര്‍ഡ്
ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 6, കെയ്ന്‍ വില്യംസണ്‍ സ്റ്റംപ്ഡ് ധോണി ബി റെയ്‌ന 8, കോളിന്‍ മണ്‍റോ സി പാണ്ഡ്യ ബി നെഹ്‌റ 7, കോറി ആന്‍ഡേഴ്‌സന്‍ ബി ബുംറ 34, റോസ് ടെയ്‌ലര്‍ റണ്ണൗട്ട് (റെയ്‌ന) 10, മിച്ചെല്‍ സാന്റ്‌നര്‍ സി ധോണി ബി ജഡേജ 18, ഗ്രാന്റ് ഏലിയറ്റ് റണ്ണൗട്ട് (ധവാന്‍/നെഹ്‌റ) 9, ലുക്ക് റോഞ്ചി നോട്ടൗട്ട് 21, മക്കുല്ലം നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13, ആകെ 20 ഓവറില്‍ 7ന് 126.
ബൗളിങ്: അശ്വിന്‍ 4-0-32-1, നെഹ്‌റ 3-1-20-1, ബുംറ 4-0-15-1, റെയ്‌ന 4-0-16-1, ജഡേജ 4-0-26-1.
ഇന്ത്യ: രോഹിത് ശര്‍മ സ്റ്റംപ്ഡ് റോഞ്ചി ബി സാന്റ്‌നര്‍ 5, ശിഖര്‍ ധവാന്‍ എല്‍ബിഡബ്ല്യു ബി മക്കുല്ലം 1, വിരാട് കോഹ്‌ലി സി റോഞ്ചി 23, സുരേഷ് റെയ്‌ന സി ഗുപ്റ്റില്‍ ബി സാന്റ്‌നര്‍ 1, യുവരാജ് സിങ് സി&ബി മക്കുല്ലം 4, മഹേന്ദ്രസിങ് ധോണി സി മക്കുല്ലം ബി സാന്റ്‌നര്‍ 30, ഹാര്‍ദിക് പാണ്ഡ്യ എല്‍ബിഡബ്ല്യു സാന്റ്‌നര്‍ 1, രവീന്ദ്ര ജഡേജ സി&ബി സോധി 0, ആര്‍ അശ്വിന്‍ സ്റ്റംപ്ഡ് റോഞ്ചി ബി സോധി 10, ആശിഷ് നെഹ്‌റ ബി മില്‍നെ 0, ജസ്പ്രിത് ബുംറ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 4, ആകെ 18.1 ഓവറില്‍ 79.
ബൗളിങ്: നതാന്‍ മക്കുല്ലം 3-0-15-2, സാന്റ്‌നര്‍ 4-0-11-4, ഏലിയറ്റ് 2-0-9-0, മില്‍നെ 2.1-0-8-1, സോധി 4-0-18-3.

[related]
Next Story

RELATED STORIES

Share it