Sports

സ്പാനിഷ് ലീഗ്: സുവാറസ് മാജിക്ക് വീണ്ടും; ഗോളില്‍ ആറാടി ബാഴ്‌സ

മാഡ്രിഡ്: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ലൂയിസ് സുവാറസ് ഗോള്‍ മഴ പെയ്യിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. 35ാം റൗണ്ട് മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിജോണിനെയാണ് ബാഴ്‌സ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തരിപ്പണമാക്കിയത്.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഹാടിക്ക് ഉള്‍പ്പെടെ നാല് ഗോളുകള്‍ അടിച്ചുകൂട്ടിയ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സൂവാറസാണ് ബാഴ്‌സയുടെ ഹീറോ. ഹാട്രിക്ക് തോല്‍വിക്കു ശേഷം ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്.
നേരത്തെ സുവാറസ് നാല് ഗോളുകളുമായി കളംനിറഞ്ഞപ്പോള്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെയും ബാഴ്‌സ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
ഗിജോണിനെതിരേ 63, 74, 77, 88 മിനിറ്റുകളിലാണ് സുവാറസ് ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്. ഇതില്‍ രണ്ട് ഗോളുകള്‍ പെനാല്‍റ്റിയിലൂടെയാണ് താരം നേടിയത്.
സുവറാസിന് പുറമേ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും (12ാം മിനിറ്റ്) നെയ്മറും (86) ഓരോ തവണ ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടു. 85ാം മിനിറ്റില്‍ വ്രാഞ്ചിസ് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടതും ഗിജോണിന് മറ്റൊരു നാണക്കേടായി.
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് മാലഗയെ തോല്‍പ്പിച്ചു. 62ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറേറയാണ് അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്.
ജയത്തോടെ ബാഴ്‌സലോണ ലീഗിലെ ഒന്നാം സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചു. 35 മല്‍സരങ്ങളില്‍ നിന്ന് 82 പോയിന്റാണ് ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനുമുള്ളത്.
എന്നാല്‍, ഗോള്‍ ശരാശരിയില്‍ ബാഴ്‌സ അത്‌ലറ്റികോയെ പിന്നിലാക്കുകയായിരുന്നു. ഇരു ടീമിനേക്കാളും ഒരു പോയിന്റ് കുറവുള്ള റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.
Next Story

RELATED STORIES

Share it