സ്പാനിഷ് ലീഗ്: മെസ്സി @ 300; ബാഴ്‌സലോണ കുതിക്കുന്നു

മാഡ്രിഡ്: റെക്കോഡുകളുടെ തോഴനും ലോക ഫുട്‌ബോളറുമായ ബാഴ്‌സലോണ സ്റ്റാര്‍ ലയണല്‍ മെസ്സി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സ്പാനിഷ് ലീഗില്‍ ബാഴ്‌സ ജഴ്‌സിയില്‍ 300 ഗോള്‍- ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കളിയിലെ ഇരട്ടഗോളോടെയാണ് മെസ്സി 300 തികച്ചത്. മല്‍സരത്തില്‍ ബാഴ്‌സ 3-1ന് സ്‌പോര്‍ട്ടിങ് ഗിജോണിനെ തകര്‍ത്തുവിടുക യും ചെയ്തു.
ഈ ജയത്തോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനുമേല്‍ ബാഴ്സയ്ക്ക് ആറു പോയിന്റിന്റെ ലീഡ് ലഭിച്ചു.
25, 31 മിനിറ്റുകളിലാണ് ഗിജോണിനെതിരേ മെസ്സി വലകുലുക്കിയത്. 62ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി പാഴാക്കിയെങ്കിലും അഞ്ചു മിനിറ്റിനകം ഗോള്‍ നേടി ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസ് ഇതിനു പ്രായശ്ചിത്തം ചെയ്തു. ഗിജോണിന്റെ ആശ്വാസഗോള്‍ 27ാം മിനിറ്റില്‍ കാര്‍ലോസ് കാസ്‌ട്രോയുടെ വകയായിരുന്നു.
ലീഗില്‍ കഴിഞ്ഞയാഴ്ച സെല്‍റ്റാവിഗോയ്‌ക്കെതിരേ വണ്ടര്‍ പെനല്‍റ്റി നേടി ദിവസങ്ങള്‍ക്കകമാണ് മെസ്സി മറ്റൊരു അവിസ്മരണീയ നേട്ടത്തിന് കൂടി അവകാശിയായത്. സ്പാനിഷ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോഡ് അര്‍ജന്റീന ക്യാപ്റ്റന്‍ നേരത്തേ തന്നെ സ്വന്തം പേരിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it