സ്പാനിഷ് ലീഗ്: മെസ്സി ഹാട്രിക്കില്‍ റെക്കോഡിട്ട് ബാഴ്‌സ

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ ചരിത്രം കുറിച്ചു. സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബാഴ്‌സ റെക്കോഡിട്ടത്.
ലീഗിലെ 27ാം റൗണ്ട് മല്‍സരത്തില്‍ ബാഴ്‌സ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയോ വല്ലെക്കാനോയെ തരിപ്പണമാക്കുകയായിരുന്നു. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് സ്ഥാപിച്ച തോല്‍വിയറിയാതെ 34 മല്‍സരങ്ങളെന്ന സ്പാനിഷ് റെക്കോഡാണ് ബാഴ്‌സ കഴിഞ്ഞ ദിവസം പഴങ്കഥയാക്കിയത്. മെസ്സിയുടെ കരിയറിലെ 35ാം ഹാട്രിക്ക് നേട്ടം കൂടിയാണ് വല്ലെക്കാനോയ്‌ക്കെതിരേയുള്ളത്.
വല്ലെക്കാനോയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാഴ്‌സ കാഴ്ചവച്ചത്. ബാഴ്‌സയുടെ ഉജ്ജ്വല ഫോമിന് മുന്നില്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വല്ലെക്കാനോ തകര്‍ന്നടിയുകയായിരുന്നു. ഇരുപകുതികളിലായി ഓരോ വീതം താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടതും വല്ലെക്കാനോയുടെ തോല്‍വി ഭാരം കൂട്ടി. 42ാം മിനിറ്റില്‍ ഡിയേഗോ ലോറെന്റെയും 68ാം മിനിറ്റില്‍ മാനുവല്‍ ഹിറ്റുറയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
22ാം മിനിറ്റില്‍ ഇവാന്‍ റാക്റ്റിക്കിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. വല്ലെക്കാനോ ഗോള്‍കീപ്പറെയും പ്രതിരോധ നിരയെയും മറികടന്ന് റാക്റ്റിക്ക് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് മെസ്സിയുടെ ഊഴമായിരുന്നു. 23, 53 മിനിറ്റുകളില്‍ ലക്ഷ്യംകണ്ട മെസ്സി 72ാം മിനിറ്റില്‍ കരിയറിലെ 35ാം ഹാട്രിക്കും പൂര്‍ത്തിയാക്കി. ഇതോടെ ഈ സീസണില്‍ മെസ്സിയുടെ ഇതുവരെയുള്ള ഗോള്‍ നേട്ടം 33 ആയി.
69ാം മിനിറ്റില്‍ ബാഴ്‌സയുടെ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസിന് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍, സുവാറസിന്റെ പെനാല്‍റ്റി കിക്ക് വല്ലെക്കാനോ ഗോള്‍കീപ്പര്‍ യുവാന്‍ കാര്‍ലോസ് മാര്‍ട്ടിന്‍ കോറല്‍ സേവ് ചെയ്യുകയായിരുന്നു. 86ാം മിനിറ്റില്‍ ആര്‍ദ ടുറാന്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി അഞ്ചാം ഗോള്‍ നിറയൊഴിച്ചു. വല്ലെക്കാനോയുടെ ആശ്വാസ ഗോള്‍ 57ാം മിനിറ്റില്‍ മനുചോയാണ് നേടിയത്.
ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനു മേല്‍ എട്ട് പോയിന്റിന്റെ ലീഡ് നേടാനും ലീഗില്‍ തലപ്പത്തുള്ള ബാഴ്‌സലോണയ്ക്ക് സാധിച്ചു. 27 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 69 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 61 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോയ്ക്കുള്ളത്. 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഗ്രാനഡ 2-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും ബെറ്റിസ് 3-0ന് എസ്പാന്യോളിനെയും പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it