സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് വീണ്ടും അടിതെറ്റി

മാഡ്രിഡ്: റയല്‍ സോസിഡാഡിന്റെ തട്ടകത്തില്‍ ബാഴ്‌സലോണ വീണ്ടും തലതാഴ്ത്തി. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 32ാം റൗണ്ട് പോരാട്ടത്തില്‍ സോസിഡാഡ് മറുപടിയില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സയെ അടിയറവ് പറയിക്കുകയായിരുന്നു.
18 കാരനായ മൈക്കല്‍ ഒയാര്‍സബലാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുടെ കഥകഴിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഒയാര്‍സബലിന്റെ വിജയഗോള്‍. സോസിഡാഡിന്റെ തട്ടകത്തില്‍ ബാഴ്‌സ കളി മറക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. സോസിഡാഡിനെതിരേ അവരുടെ തട്ടകത്തില്‍ അവസാനം കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ബാഴ്‌സ പരാജയം സമ്മതിച്ചിരുന്നു. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു.
സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയായിരുന്നു ഇത്. നേരത്തെ 31ാം റൗണ്ട് മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെതിരേ നടന്ന എല്‍ ക്ലാസിക്കോയിലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി 39 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയതിനു ശേഷമുള്ള ബാഴ്‌സയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു റയലിനെതിരേയുള്ള എല്‍ ക്ലാസിക്കോയിലേത്.
മല്‍സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനായെങ്കിലും ഗോള്‍ നേടാന്‍ കഴിയാതെ പോയത് ബാഴ്‌സയ്ക്ക് വിനയാവുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും നെയ്മറിനെയും കാഴ്ചക്കാരനാക്കിയാണ് ഒമ്പതാം സ്ഥാനത്തുള്ള സോസിഡാഡ് വിജയനൃത്തം ചവിട്ടിയത്. സസ്‌പെന്‍ഷന്‍ മൂലം ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസ് സോസിഡാഡിനെതിരേ ബാഴ്‌സയ്ക്കു വേണ്ടി കളിച്ചിരുന്നില്ല.
തോല്‍വിയോടെ അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ എന്നിവരുമായുള്ള പോയിന്റ് അകലം ഉയര്‍ത്താനുള്ള അവസരവും ലീഗില്‍ തലപ്പത്തുള്ള ബാഴ്‌സയ്ക്ക് നഷ്ടമായി. ലീഗില്‍ ആറ് റൗണ്ട് മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ അത്‌ലറ്റികോയ്ക്കു മേല്‍ മൂന്നു പോയിന്റ് ലീഡാണ് ബാഴ്‌സയ്ക്കുള്ളത്. അത്‌ലറ്റികോയേക്കാള്‍ ഒരു പോയിന്റ് പിറകിലായി റയല്‍ മൂന്നാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ ദിവസം നടന്ന 32ാം റൗണ്ടില്‍ അത്‌ലറ്റികോയും വെന്നിക്കൊടി നാട്ടിയിരുന്നു. ജയത്തോടെ റയലിന് പിന്നിലാക്കി അത്‌ലറ്റികോ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. എസ്പാന്യോളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോയുടെ ജയം. എവേ മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു അത്‌ലറ്റികോയുടെ തിരിച്ചുവരവ്.
ഫെര്‍ണാണ്ടോ ടോറസ്, ആന്റോയിന്‍ ഗ്രീസ്മാന്‍, കോക്കെ എന്നിവരാണ് അത്‌ലറ്റികോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. പാപ കൗലി ഡിയോപിന്റെ വകയായിരുന്നു എസ്പാന്യോളിന്റെ ഗോള്‍. മറ്റൊരു മല്‍സരത്തില്‍ സെല്‍റ്റാവിഗോ 1-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it